എല്ലാ ചട്ടങ്ങളും കാറ്റില്‍ പറത്തി നിര്‍ബാധം തുടരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. വര്‍ക്കല ക്ലിഫിന്‍റെ തകര്‍ച്ചയുടെ മുഖ്യ കാരണങ്ങളിലൊന്ന് ഇതാണ്. നിയമലംഘനങ്ങള്‍ തടയേണ്ട നഗരസഭ നോക്കുകുത്തിയായി നില്‍ക്കുന്നു. തകര്‍ച്ചയുടെ വക്കിലുള്ള കുന്നിന്‍ മുനമ്പുകളിലെ ആഢംബര ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും ദൃശ്യങ്ങള്‍ പേടിപ്പെടുത്തുന്ന കാഴ്ചയാണ്.
വര്‍ക്കല ക്ലിഫിലെ സ്കൈ ലാര്‍ എന്ന ആഢംബര റിസോര്‍ട്ടിന്‍റെ ആകാശ ദൃശ്യമണിത്. ക്ലിഫിന്‍റെ മുനമ്പില്‍ നിന്ന് പത്ത് മീറ്റര്‍ കഴിഞ്ഞ് മാത്രമേ നിര്‍മാണം പാടുള്ളൂ എന്നതാണ് ചട്ടമെങ്കിലും റിസോര്‍ട്ട് നില്‍ക്കുന്നത് മുനമ്പില്‍ തന്നെ. ഇതിന്‍റെ താഴെ രണ്ടാഴ്ച മുമ്പ് മണ്ണിടിച്ചലുണ്ടായി. ഏത് നിമിഷവും നിലം പൊത്താവുന്ന നിലയിലാണ് ഇപ്പോള്‍ റിസോര്‍ട്ട്. ഇതുപോലെ നൂറുകണക്കിന് നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് വര്‍ക്കല ക്ലിഫിലുള്ളത്. പത്ത് മീറ്റര്‍ ദൂര പരിധി പാലിക്കപ്പെട്ടാല്‍ ഈ കെട്ടിടങ്ങളെല്ലാം പൊളിച്ചുമാറ്റേണ്ടി വരും.
67 നിയമവിരുദ്ധ കെട്ടിടങ്ങളുടെ പട്ടിക കഴിഞ്ഞ വര്‍ഷം നഗരസഭ സെക്രട്ടറി ജില്ലാ കലക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ പട്ടിക അപൂര്‍ണമാണ്. ഭൗമ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച് പത്ത് വര്‍ഷം പിന്നിട്ടിട്ടും നിര്‍മാണങ്ങള്‍ നിയന്ത്രിക്കാനോ നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനോ നഗരസഭയോ സംസ്ഥാന സര്‍ക്കാരോ തയ്യാറായിട്ടില്ല. ഈ അനാസ്ഥ തുടര്‍ന്നാല്‍ പൈതൃക കുന്നുകള്‍ ഓര്‍മയാകും.