കരുവന്നൂർ കള്ളപ്പണക്കേസിൽ സിപിഎമ്മിനെ പ്രതിചേർത്തതിന് പിന്നാലെ നേതാക്കളെയും ഉന്നമിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസ് അടക്കമുള്ളവരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തുന്നതിൽ ഉടൻ തീരുമാനമുണ്ടാകും. സംഘടനച്ചുമതലയുള്ള ഉന്നത നേതൃത്വത്തിലേയ്ക്കും അന്വേഷണം നീണ്ടേക്കും. സിപിഎമ്മിനെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയത് ഇഡി തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കും. പാർട്ടിയുടെ പ്രവർത്തനത്തെയും അംഗീകാരത്തെപോലും ബാധിക്കുന്ന കുരുക്കായി കരുവന്നൂർ കേസ് മാറിയേക്കും.

കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ സിപിഎം പാർട്ടിയെ പ്രതിചേർക്കുകയും തൃശൂരിൽ പാർട്ടിയുടെ പേരിലുള്ള എട്ട് അക്കൗണ്ടുകളുമടക്കം 73 ലക്ഷത്തിന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി. കരുവന്നൂർ ബാങ്കിൽ നിന്ന് അനധികൃത ലോൺ സമ്പാദിച്ച പത്ത് പേരുടേതടക്കം 29 കോടിയുടെ സ്വത്തുകളും മൂന്നാംഘട്ടത്തിൽ ഇഡി കണ്ടുകെട്ടി. കരുവന്നൂരിൽ നിന്ന് തട്ടിയെടുത്ത കോടികളുടെ വിഹിതം പാർട്ടി അക്കൗണ്ടുകളിലേയ്ക്കും എത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സിപിഎം പ്രതിയാകുന്നത്. സ്വത്തും അക്കൗണ്ടുകളും പാർട്ടി ജില്ലാ സെക്രട്ടറി എം.എം വർഗീസിന്റെ പേരിലാണ്. വ്യക്തികളും സ്ഥാനപനങ്ങളും അടക്കം 52 പേരെ പ്രതിചേർത്ത് ഇഡി ആദ്യഘട്ട കുറ്റപത്രം സർമിച്ചിരുന്നു. സിപിഎം പാർട്ടിക്ക് പുറമേ നേതാക്കളും രണ്ടാംഘട്ട പ്രതിപട്ടികയിൽ ഉൾപ്പെടുമെന്നാണ് സൂചന. സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ എ.സി മൊയ്തീൻ, എം.കെ കണ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ ബിജു എന്നിവരടക്കം നേതാക്കൾക്ക് ഇഡി ഇതുവരെ ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. എ.സി മൊയ്തീൻറെ സ്വത്ത് നേരത്തെ കണ്ടുകെട്ടിയിരുന്നു. ഇ പി ജയരാജൻ, എ.സി മൊയ്തീൻ, പി.കെ ബിജു എന്നിവരുടെ നിർദേശപ്രകാരമാണ് വായ്പകൾ അനധികൃതമായി അനുവദിച്ചതെന്ന മൊഴികളും നേതാക്കൾക്ക് കുരുക്കാണ്. പാർട്ടി പ്രതിയായതോടെ സംസ്ഥാന സെക്രട്ടറി അടക്കം ഉന്നത സംഘടനചുമതലയുള്ളവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്. പാർട്ടി ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നില്ലെന്ന കണ്ടെത്തലുമുണ്ട്. സിപിഎമ്മിനെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയത് ഇഡി തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കും. പാർട്ടിയുടെ പ്രവർത്തനത്തെയും അംഗീകാരത്തെപോലും ബാധിക്കുന്ന കുരുക്കായി കരുവന്നൂർ കേസ് മാറിയേക്കും.

ENGLISH SUMMARY:

Karuvannur bank fraud; ED targets CPM leaders