കൂറുമാറാന്‍ എം.എല്‍.എമാര്‍ക്ക് നൂറ് കോടിയുടെ കോഴ വാഗ്ദാനം ചെയ്തത് അറിഞ്ഞിട്ടും മുഖ്യമന്ത്രി മൂടിവച്ചത് അധികാര ദുര്‍വിനിയോഗമെന്ന ആക്ഷേപം ശക്തമാക്കി പ്രതിപക്ഷം. ആരോപണം ആന്റണി രാജു സ്ഥിരീകരിച്ച ശേഷവും അന്വേഷണത്തിന് നടപടിയെടുത്തില്ല. അഴിമതി മൂടിവച്ചതിന് മുഖ്യമന്ത്രിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കൂറുമാറ്റത്തിന് ശ്രമിച്ച തോമസ്.കെ.തോമസിനെ തള്ളിപ്പറഞ്ഞ് തലയൂരാനുള്ള നീക്കത്തിലാണ് സി.പി.എമ്മും സര്‍ക്കാരും. നൂറ് കോടിയുടെ കോഴ വാഗ്ദാനം സത്യമെങ്കില്‍ സംസ്ഥാനചരിത്രത്തിലെ ഏറ്റവും വലിയ ചാക്കിട്ടുപിടുത്തത്തിനും കോഴകൈമാറ്റത്തിനുമാണ് തോമസ് കെ.തോമസ് ശ്രമിച്ചത്. തോമസും
ആന്‍റണി രാജുവും, കോവൂര്‍ കുഞ്ഞുമോനും കഴിഞ്ഞാല്‍ കേരളത്തില്‍ ഇക്കാര്യം ആദ്യം അറിഞ്ഞത് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ്. കൈക്കൂലി നല്‍കുന്നതും അഴിമതിക്ക് പ്രേരിപ്പിക്കുന്നതും കുറ്റകൃത്യമെന്നിരിക്കെ അന്വേഷണം പ്രഖ്യാപിക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്.
എന്നാല്‍ ഇന്നലെ രാവിലെ മലയാള മനോരമ വാര്‍ത്തപുറത്തുവിടുന്നതുവരെ മുഖ്യമന്ത്രി അനങ്ങിയില്ല. കോഴക്കാര്യം നാട്ടില്‍പാട്ടായ ശേഷം ചേലക്കരയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രസംഗത്തിലും മുഖ്യമന്ത്രി മൗനം തുടര്‍ന്നു. കോഴ വാഗ്ദാനം എം.എല്‍.എ കൂടിയായ ആന്‍റണി രാജു സ്ഥിരീകരിച്ച ശേഷവും അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രിക്ക് മനസില്ല.
ഇതിലെ നിയമപ്രശ്നത്തിനൊപ്പം ബി.ജെ.പി സൗഹൃദ രാഷ്ട്രീയമെന്ന ആരോപണവും ഉയര്‍ത്തുകയാണ് പ്രതിപക്ഷം. ബി.ജെ.പി പക്ഷത്തേക്ക് സ്വന്തം എം.എല്‍.എമാരെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് അറിഞ്ഞിട്ടും മുഖ്യമന്ത്രി തടയാത്തത് ഡീലിന്‍റെ ഭാഗമെന്നാണ് ആരോപണം.
ആക്ഷേപം കൊഴുക്കുമ്പോളും കണ്ണടച്ച് ഇരുട്ടാക്കാനാണ് സി.പി.എമ്മിന്‍റെ ശ്രമം. ഉപതിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി ബന്ധമുള്ള കോഴ ഇടപാട് പുറത്തുവന്നത് നാണക്കേടാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതിനാല്‍ തോമസ് കെ.തോമസിനെ തളളിപ്പറഞ്ഞ് വിഷയത്തില്‍ നിന്ന് തലയൂരാനാണ് നീക്കം