എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യയ്ക്കെതിരെ പാര്‍ട്ടിയുടെ മറ്റ് നടപടി ഇല്ല. നിയമപരമായ കാര്യങ്ങള്‍ മുന്നോട്ടുപോകട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഉള്‍പ്പെടെ കാര്യങ്ങള്‍ നിയമപരമായി മുന്നോട്ടു പോകട്ടെ എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതിനിടെ നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ പ്രതിചേർക്കപ്പെട്ട മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അറസ്റ്റിന് വഴങ്ങില്ല. കീഴടങ്ങില്ലെന്ന് ദിവ്യയുടെ അഭിഭാഷകൻ കെ വിശ്വൻ അറിയിച്ചു.
അതേസമയം വിവാദ പെട്രോള്‍ പമ്പ് അപേക്ഷകന്‍ ടി.വി. പ്രശാന്ത് പരിയാരം മെഡിക്കല്‍ കോളജിലെ ജോലിയില്‍ 10 ദിവസം കൂടി അവധി അപേക്ഷിച്ചു. കൈക്കൂലി ആരോപണത്തിനുശേഷം പ്രശാന്ത് ജോലിക്കെത്തിയിരുന്നില്ല
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ മാറ്റിയതു സംഘടനാ നടപടിയുടെ ഭാഗമാണ്. ഇനിയുള്ള കാര്യങ്ങള്‍ നിയമപരമായ നടപടികള്‍ക്കു ശേഷം പരിഗണിക്കാമെന്ന തരത്തിലാണ് ചര്‍ച്ച നടന്നത്. ചൊവ്വാഴ്ചയാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. കോടതി തീരുമാനത്തിന് അനുസരിച്ച് തുടര്‍നടപടികള്‍ ആലോചിക്കും.