karuvannur

കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ സിപിഎം പാര്‍ട്ടിയെ പ്രതിചേര്‍ത്ത് ഇഡിയുടെ സുപ്രധാന നീക്കം. തൃശൂരില്‍ പാര്‍ട്ടിയുടെ പേരിലുള്ള ഭൂമിയും വിവിധ ഘടകങ്ങളുടെ പേരിലുള്ള എട്ട് അക്കൗണ്ടുകളുമടക്കം 73ലക്ഷത്തിന്റെ സ്വത്ത് കണ്ടുകെട്ടി. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് അനധികൃത ലോണ്‍ സമ്പാദിച്ച പത്ത് പേരുടേതടക്കം 29 കോടിയുടെ സ്വത്തുക്കളും മൂന്നാംഘട്ടത്തില്‍ ഇഡി കണ്ടുകെട്ടി. 

കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു രാഷ്ട്രീയപാര്‍ട്ടി കള്ളപ്പണമിടപാട് കേസില്‍ പ്രതി ചേര്‍ക്കുന്നത്. രാജ്യത്ത് കള്ളപ്പണക്കേസില്‍ പ്രതിചേര്‍ക്കപ്പെടുന്ന രണ്ടാമത്തെ രാഷ്ടീയ പാര്‍ട്ടിയാണ് സിപിഎം. മദ്യനയ അഴിമതിക്കേസില്‍ ആംആദ്മി പാര്‍ട്ടിയെ ഇഡി നേരത്തെ പ്രതി ചേര്‍ത്തിരുന്നു. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത കോടികളുടെ വിഹിതം പാര്‍ട്ടി അക്കൗണ്ടുകളിലേക്കും ഒഴുകിയെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് സിപിഎം പ്രതിയാകുന്നത്. കരുവന്നൂരിലെ പൊറത്തിശേരി ലോക്കല്‍ കമ്മിറ്റിയുടെ പേരിലുള്ള അഞ്ച് സെന്റ് ഭൂമിയാണ് ഇഡി കണ്ടുക്കെട്ടിയത്. പാര്‍ട്ടി തൃശൂര്‍ ജില്ലാ നേതൃത്വത്തിന്റെ പേരിലുള്ളതാണ് കണ്ടുകെട്ടിയ രണ്ട് അക്കൗണ്ടുകള്‍. ഇരിങാലക്കുട ഏരിയാ കമ്മിറ്റിയുടെയും ലോക്കല്‍ കമ്മിറ്റിയുടെയും അക്കൗണ്ടുകളാണ് ബാക്കിയുള്ളവ. അഞ്ച് പാര്‍ട്ടി അക്കൗണ്ടുകള്‍ കരുവന്നൂര്‍ ബാങ്കിലും ബാക്കിയുള്ളത് സ്വകാര്യ ബാങ്കുകളിലേതുമാണ്. സ്വത്തും അക്കൗണ്ടുകളും പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന്‍റെ പേരിലാണ്. കരുവന്നൂരില്‍ നിന്ന് അനധികൃത ലോണുകള്‍ നല്‍കാന്‍ പാര്‍ട്ടി കമ്മിഷന്‍ കൈപ്പറ്റിയിരുന്നതായി ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇങ്ങനെ ലഭിച്ച കമ്മിഷന്‍തുക ഉപയോഗിച്ച് വാങ്ങിച്ചതാണ് കണ്ടുക്കെട്ടിയ ഭൂമി. കമ്മിഷന്‍ തുകയുടെ വിഹിതം വിവിധ പാര്‍ട്ടി അക്കൗണ്ടുകളിലേക്കും വീതിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് ഫണ്ട്. കെട്ടിട നിര്‍മാണ ഫണ്ട്. സുവനീര്‍ ഫണ്ട് എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായാണ് ഈ പണം വിനിയോഗിച്ചത്. 

സിപിഎമ്മിന്‍റെ ഉന്നത നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് അനധികൃത ലോണുകള്‍ അനുവദിച്ചതെന്ന മൊഴിയും ഇഡിക്ക് മുന്നിലുണ്ട്. എ.സി. മൊയ്തീന്‍, എം.കെ. കണ്ണന്‍, പി.കെ. ബിജു അടക്കമുള്ള നേതാക്കളെ വിവിധ ഘട്ടങ്ങളിലായി ഇതിനിടെ ചോദ്യം ചെയ്തു. തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസടക്കം ഇഡിയുടെ അന്വേഷണ പരിധിയിലാണ്. മൂന്ന ഘട്ടങ്ങളിലായി 115കോടിയുടെ സ്വത്തുക്കളാണ് ഇഡി ഇതുവരെ കണ്ടുക്കെട്ടിയത്. എ.സി. മൊയ്തീന്റെ സ്വത്തും ഇക്കൂട്ടത്തിലുണ്

 

കേസില്‍ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ച ഇഡി വ്യക്തികളും സ്ഥാപനങ്ങളുമടക്കം 52 പേരെയാണ് പ്രതി ചേര്‍ത്തത്. രണ്ടാംഘട്ട കുറ്റപത്രത്തില്‍ സിപിഎം പാര്‍ട്ടിക്ക് പുറമെ നേതാക്കളും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. 2021 ഓഗസ്റ്റ് രണ്ടിനാണ് കരുവന്നൂര്‍ തട്ടിപ്പില്‍ ഇഡി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. 

ENGLISH SUMMARY:

Karuvannur black money transaction case; 29 crores worth of properties were confiscated