The-government-made-the-officials-scapegoats-for-including-the-accused-in-the-TP-Chandrasekaran-murder-case-in-the-list-for-relief

ശിക്ഷായിളവ് പാടില്ലെന്ന ഹൈക്കോടതി വിധിയുണ്ടായിരിക്കെ ടി പി ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതികളെ ഇളവിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയതില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി സര്‍ക്കാര്‍. നടപടിക്രമങ്ങളുടെ ഭാഗമായി കെ കെ രമയുടെ മൊഴിയെടുത്ത കണ്ണൂര്‍ കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ASI ശ്രീജിത്തിനെ സ്ഥലംമാറ്റിയാണ് നടപടിയെടുത്തത്. ശിക്ഷായിളവ് പട്ടിക പുറത്തായതില്‍ കാരണക്കാരെന്ന് ആരോപിച്ച് കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസമാണ് കൊളവല്ലൂര്‍ സ്റ്റേഷനിലെ ASI ശ്രീജിത്തിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി ഉത്തരവായത്. ഇദ്ദേഹത്തിന് സ്റ്റേഷനില്‍ യാത്രയയപ്പും കൊടുത്തു. ശിക്ഷായിളവിനുള്ള പട്ടികയിലെ പ്രതി ട്രൗസര്‍ മനോജിന്‍റെ പേരുമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് കെ കെ രമ എംഎല്‍എയുടെ മൊഴിയെടുക്കാന്‍ ഫോണില്‍ ബന്ധപ്പെട്ടത് ശ്രീജിത്തായിരുന്നു. ഇക്കാര്യം നിയമസഭയില്‍ പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയതോടെയാണ് പുറത്തറിയുന്നത്. ഇതോടെയാണ് നടപടി. എന്നാല്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കുകയാണെന്നും മോദി സര്‍ക്കാര്‍ പോലും ഇങ്ങനെ പ്രവര്‍ത്തിക്കില്ലന്നും കെ കെ രമ മനോരമ ന്യൂസിനോട് പറഞ്ഞു

അതേസമയം, ടി പി കേസ് പ്രതികളുടെ പട്ടിക മാധ്യമങ്ങളിലൂടെ പുറത്തുവരാന്‍ കാരണക്കാരെന്ന് ആരോപിച്ച് രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടി നടപടിയെടുക്കാനാണ് സാധ്യത. പാനൂര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്ഐമാരായ ഷാജു, പ്രവീണ്‍ എന്നിവരെ കൂത്തുപറമ്പ് എസിപി ചോദ്യംചയ്ത് മൊഴി രേഖപ്പെടുത്തി. പ്രവീണും ഷാജുവും ഫോണിലൂടെ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നാണ് എസിപിയുടെ കണ്ടെത്തല്‍. അണ്ണന്‍ സജിത്തിന്‍റെ ശിക്ഷായിളവിന്‍റെ കാര്യത്തിന് ഷാജു കെ കെ രമയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം, മറ്റൊരു പ്രതി ഷാഫിയുടെ ഇളവിനായി രമയെ വിളിച്ചത് ചൊക്ലി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഗിരീഷാണ്. ഇയാളെ ഇതുവരെ മൊഴിയെടുക്കാന്‍ എസിപി വിളിച്ചിട്ടില്ലെന്നാണ് വിവരം. നേരത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് അടക്കം മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തിരുന്നു

ENGLISH SUMMARY:

The government made the officials scapegoats for including the accused in the TP Chandrasekaran murder case in the list for relief