periyar-alakananda

TOPICS COVERED

ഇനി ഇടുക്കിയിൽ നിന്നുള്ള ഒരു പത്തുവയസുകാരിയുടെ അതിജീവനത്തിന്റെ കഥയാണ്. കുത്തിയൊഴുകുന്ന പെരിയാർ നദിയിലേക്ക് കാൽ വഴുതി വീണിട്ടും നീന്തി കയറിയ ഏലപ്പാറ സ്വദേശി അളകനന്ദ. കഴിഞ്ഞ ദിവസം ചപ്പാത്ത് വള്ളക്കടവ് പാലത്തിൽ നിന്നും പെരിയാറിലേക്ക് കാൽ വഴുതി വീണിട്ടും മനക്കരുത്തിന്റെ ബലത്തിലാണ് അളകനന്ദ നീന്തി രക്ഷപ്പെട്ടത് 

വണ്ടിപ്പെരിയാർ പഞ്ചായത്തിൽ മ്ലാമല വിമൽ ജ്യോതി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാത്ഥിനിയായ അളകനന്ദ അമ്മക്കൊപ്പം ചപ്പാത്തിലേക്കു പോകുന്ന വഴിയാണ് കൈവരി തകർന്ന പാലത്തിൽ നിന്ന് കാൽവഴുതി പെരിയാറിലേക്കു വീണത്. മഴ ശക്തമായതോടെ പെരിയാറ്റിൽ നീരൊഴുക്കും ശക്തമായിരുന്നു. 

നദിയിലേക്ക് വീണപ്പോൾ പുസ്തകങ്ങൾ അടങ്ങിയ സ്കൂൾ ബാഗും തോളിലുണ്ടായിരുന്നു. ഒഴുക്കിൽപ്പെട്ട അളകനന്ദ മനോധൈര്യം കൈവിടാതെ സർവ്വ ശക്തിയുമെടുത്തു നീന്തി. അമ്മ സംഗീതയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും അളകനന്ദ മരണക്കയം നീന്തിക്കയറിയിരുന്നു.

 

മകൾ വീണതിന് പിന്നാലെ സംഗീതയും പാലത്തിൽ നിന്നും നദിയിലേക്ക് ചാടി കുട്ടിയെ രക്ഷിക്കാൻ മുതിർന്നെങ്കിലും അപകട സാധ്യതയുള്ളതിനാൽ നാട്ടുകാർ തടഞ്ഞു. അളകന്ദ ജനിച്ചതും വളർന്നതുമെല്ലാം പെരിയാർ നദികരയിലാണ്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ സംഗീത അളകനന്ദയെ നീന്തൽ പഠിപ്പിച്ചിരുന്നു.

വഴുതി വീണപ്പോൾ കാൽമുട്ടിന് ചെറിയ മുറിവ് പറ്റിയതല്ലാതെ അളകനന്ദക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ല. 2018 ലും 2019ലുമുണ്ടായ പ്രളയത്തെ തുടർന്നാണ് ചപ്പാത്ത് പാലത്തിന്റെ കൈവരികൾ തകർന്നത്. വർഷങ്ങളായി കൈവരി ഇല്ലാത്ത പാലത്തിൽ കൂടിയാണ് വാഹനങ്ങളും സ്കൂൾ കുട്ടികളും നാട്ടുകാരും സഞ്ചരിക്കുന്നത്. അളകനന്ദയ്ക്ക് സംഭവിച്ചത് പോലെ മറ്റൊരപകടം ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം