മഴ കനത്തതോടെ ഇടുക്കി വെങ്ങല്ലൂർ വൈമ്പടത്ത് വീട്ടിലുള്ള ഇബ്രാഹിമിന്റെ മനസിൽ തീയാണ്. ഇടിഞ്ഞു വീഴാറായ വീട്ടിൽ വെള്ളം കയറിയതോടെ കിടക്കാനിടമില്ല. എത്രയും പെട്ടന്ന് സർക്കാർ ഇടപെട്ട് തന്നെയും കുടുംബത്തെയും പുനരധിവസിപ്പിക്കണമെന്നാണ് ഇബ്രാഹിമിന്റെ ആവശ്യം
എപ്പോൾ വേണേലും ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഈ വീടും, മാനസിക വെല്ലുവിളിയുള്ള മകൻ നൗഫലും, രോഗിയായ ഭാര്യ വൽക്കീസുമാണ് ഇബ്രാഹിമിന്റെ ആകെയുള്ള സമ്പാദ്യം. മഴ പെയ്തു വെള്ളം കയറിയതോടെ ഭക്ഷണം പാചകം ചെയ്യാനാകില്ല. ശുചിമുറി ഉപയോഗശൂന്യം. അയൽവാസികൾ അതിരിൽ മണ്ണിട്ടുയർത്തി മതിലുകൾ പണിതതോടെയാണ് വെള്ളം കയറാൻ തുടങ്ങിയത്.
ദുരിതങ്ങളിങ്ങനെ പിന്തുടർന്നിട്ടും കുടുംബം പട്ടിണിയാവാതിരിക്കാൻ ഇബ്രാഹിം തടി മില്ലിലിലെ കൂലിപ്പണി മുടക്കാറില്ല. നിസഹായാവസ്ഥ അറിഞ്ഞിട്ടും തൊടുപുഴ നഗരസഭയും ഈ വേദന കണ്ടില്ല. തനിക്കും കുടുംബത്തിനും നനയാതെ കിടക്കാനൊരിടാം വേണമെന്ന് മാത്രമാണ് ഇബ്രാഹിമിന്റെ ആവശ്യം.