Image∙ Shutterstock - 1

കെഎസ്ആർടിസി ബസ്സിനുള്ളിൽ കണ്ടക്ടറോട് മോശമായി പെരുമാറിയതിൽ കർശന നടപടിയെന്ന് ഗതാഗത മന്ത്രി കെ ബി. ഗണേഷ് കുമാർ. കണ്ടക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിൽ അടൂർ എ.ടി. ഒയും പരാതി നൽകും. കണ്ടക്ടറെ അസഭ്യം പറഞ്ഞ കൊട്ടാരക്കര സ്വദേശി ഷിബുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.

 

അടൂർ ഡിപ്പോയിലെ കണ്ടക്ടർ മനീഷിനെ ബസ്സിനുള്ളിൽ അസഭ്യം പറഞ്ഞ കേസിലെ പ്രതി ഷിബുവിനെ ഇന്നലെ അടൂർ പോലീസ്  അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. നോട്ടിസ് നൽകുന്ന മുറയ്ക്ക് സ്റ്റേഷനിൽ ഹാജരാകണമെന്നും നിർദേശിച്ചു. ശക്തമായ നടപടി ഉണ്ടാകുമെന്നാണ്  മന്ത്രി ഗണേഷ് കുമാർ പറഞ്ഞത് . രണ്ടുതരം പൗരന്മാരില്ലെന്നും രണ്ടുലക്ഷം രൂപ ശമ്പളം വാങ്ങുന്ന ആൾ എന്തിനാണ് കെഎസ്ആർടിസി ബസിൽൽ  കയറുന്നത് എന്നും കെ ബി ഗണേഷ് കുമാർ ചോദിച്ചു.  ജീവനക്കാർ മാന്യമായി പെരുമാറുമ്പോൾ തിരിച്ചും അതേ മാന്യത ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. 

ശനിയാഴ്ച രാത്രിയാണ് കൊട്ടാരക്കര ഇഞ്ചക്കൽ സ്വദേശി ഷിബു കണ്ടക്ടർ മനീഷിനെ ബസിനുള്ളിൽ അസഭ്യം പറഞ്ഞു കയ്യേറ്റത്തിന്  ശ്രമിച്ചത്. മനീഷിൻ്റെ ജോലിയെ പോലും അപമാനിക്കും വിധമായിരുന്നു അസഭ്യവർഷം. 

അസഭ്യം പറഞ്ഞ യാത്രക്കാരൻ്റെ തന്നെ ആവശ്യപ്രകാരം ബസ് ശനിയാഴ്ച രാത്രി തന്നെ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ബസ് പോലീസ് സ്റ്റേഷനിലേക്ക് പോകണമെന്നു പറഞ്ഞായിരുന്നു ഒരു ഘട്ടത്തിൽ യാത്രക്കാരൻ അസഭ്യം പറഞ്ഞത്. പ്രതിയെ ശനിയാഴ്ച വിട്ടയച്ചെങ്കിലും മനീഷ് പരാതി നൽകിയതോടെ ഇന്നലെ വിളിച്ചു വരുത്തുകയായിരുന്നു. 

ENGLISH SUMMARY:

Ksrtc conductor issue; kb ganesh kumar will take strong action