kottayam-bridge

TOPICS COVERED

രണ്ട് പതിറ്റാണ്ട്  പിന്നിട്ടിട്ടും പണി തീര്‍ക്കാന്‍ കഴിയാത്ത ഒരു പാലമുണ്ട് കോട്ടയത്ത്. കഴിഞ്ഞ 24 വര്‍ഷമായിട്ട് ഒരേ നില്‍പ്പിലാണ് അപ്രോച്ച് റോഡ് ഇല്ലാത്ത പരിപ്പ് തൊള്ളായിരംചിറ പാലം. ജനപ്രതിനിധികളുടെ  കെടുകാര്യസ്തതയ്ക്ക് മുന്നില്‍ മൂക്കത്ത് വിരല്‍ വെക്കുകയാണ് നാട്ടുകാര്‍.

 

തൊള്ളായിരംചിറക്കാരിയായ അംബിക ചേച്ചിയുടെ മകള്‍ ഒന്നാം ക്ളാസില്‍ പഠിക്കുമ്പോള്‍ തറക്കല്ലിട്ടതാണ് ഈ പാലം. മകള്‍ നഴ്സായി. 24 വര്‍ഷമായി ഇന്നാട്ടില്‍ ഈ പാലത്തിന് മാത്രം പുരോഗതിയൊന്നുമില്ല. ചെരുപ്പിലും ഉടുപ്പിലും ചെളിപറ്റാതെ തൊള്ളായിരംചിറയിലെ ഒരു കുട്ടിയും സ്കൂളില്‍ പോയിരുന്നിട്ടില്ല എന്ന് ഇവിടുത്തെ അമ്മമാര്‍ പറയും. ഭൂരിഭാഗവും കര്‍ഷകരുള്ള തൊള്ളായിരം ചിറയില്‍ കര്‍ഷകര്‍ പിരിവിട്ടാണ് റോഡ് അല്‍പമെങ്കിലുമൊന്ന് ശരിയാക്കുന്നത്.

സുരേഷ് കുറുപ്പ് എം.പിയുടെ ഫണ്ട് ഉപയോഗിച്ച്  15 ലക്ഷം മുടക്കിയാണ് പാലം പണി തീര്‍ത്തത്. എന്നാല്‍ പാലത്തെ  ബന്ധിപ്പിക്കുന്ന പരിപ്പ് തൊള്ളായിരം ചിറ റോഡ് പാതിവഴിയിലായതോടെ പാലം മാത്രം ആകാശത്തായി. പാലം നിര്‍മാണം അശാസ്ത്രീയമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. അപ്രോച്ച് റോഡ് നിർമാണത്തിനു 2 തവണ ടെൻഡർ ക്ഷണിച്ചെങ്കിലും മണ്ണു ലഭിക്കാനുള്ള ബുദ്ധിമുട്ട് പറ‌‍ഞ്ഞ് തൊള്ളായിരം ചിറയിലേക്ക് കരാറുകാര്‍ ഇതുവരെ വന്നിട്ടില്ല.