ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്‍റ് സഹകരണ സംഘത്തിലെ നിക്ഷേപകന്‍ ബിജുകുമാര്‍ ആത്മഹത്യ ചെയ്തതില്‍ പ്രസിഡന്‍റ് അണിയൂര്‍ ജയകുമാറിന്‍റെ ആരോപണങ്ങള്‍ തള്ളി കുടുംബം. ബിജുകുമാര്‍ സംഘത്തിന് 22 ലക്ഷം രൂപ നല്‍കാനുണ്ടെന്ന പ്രസിഡന്‍റിന്‍റെ വാദം പച്ചക്കള്ളമാണെന്നും കുടുംബം വ്യക്തമാക്കി. ബിജുകുമാറിന്‍റെ സ്വര്‍ണം പണയം വച്ച് രണ്ടര ലക്ഷം രൂപ ബിജുകുമാര്‍ വാങ്ങിയെന്നും, ചിട്ടി പിടിച്ചവകയില്‍ രണ്ട് ലക്ഷത്തോളം രൂപ നല്‍കാനുണ്ടെന്നും കുടുംബം വ്യക്തമാക്കി.
മകള്‍ ലക്ഷ്മിയുടെ നഴ്സിങ് പഠനത്തിനായി ബിജുകുമാര്‍ കരുതി വച്ചതായിരുന്നു എട്ട് പവന്‍ സ്വര്‍ണാഭരണങ്ങള്‍. ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്‍റ് സഹകരണ സംഘത്തില്‍ പണയത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ പണമടച്ച് പണയം ക്ലോസ് ചെയ്തു. പക്ഷെ സ്വര്‍ണം തിരിച്ചുനല്‍കിയില്ല. പിന്നീട് സംഭവിച്ചത് ലക്ഷ്മി വിവരിക്കും.
ബിജുകുമാറിന് സംഘത്തില്‍ നാല് ലക്ഷം രൂപയുടെ വായ്പയുണ്ടായിരുന്നു. ചിട്ടി പിടിച്ചവകയിലുള്ള ഏഴ് ലക്ഷം ഉപയോഗിച്ച് വായ്പ ക്ലോസ് ചെയ്തു. ബാക്കി രണ്ട് ലക്ഷത്തോളം രൂപ നല്‍കിയില്ല. എല്ലാം ചേര്‍ത്ത് നാലര ലക്ഷം രൂപ ജയകുമാര്‍ ബിജുവിന് നല്‍കാനുണ്ട്. അതിനപ്പുറം 22.3 ലക്ഷം രൂപ ബിജുകുമാര്‍ സംഘത്തിന് നല്‍കാനുണ്ടെന്ന പ്രസിഡന്‍റിന്‍റെ വാദം പച്ചക്കള്ളം.
പണയവും ലോണും ക്ലോസ് ചെയ്തതിനുള്ള തെളിവുകള്‍ ഇവരുടെ കയ്യിലുണ്ട്. മകളുടെ അഡ്മിഷനായി കിട്ടാനുള്ള നാലര ലക്ഷം ചോദിച്ച് പലതവണ ജയകുമാറിന്‍റെ വീട് കയറിയിറങ്ങിയിട്ടും രക്ഷിയാല്ലാതായതോടെയാണ് ബിജുകുമാര്‍ മരണത്തിന്‍റ വഴി തിരഞ്ഞെടുത്തതെന്ന് കുടുംബം പറയുന്നു.