മേയര്‍–കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കത്തിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡും അത് കണ്ടെത്താനുള്ള അന്വേഷണവും ആവിയായി. മെമ്മറി കാര്‍ഡ് ആരും കണ്ടിട്ടില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കേണ്ടിവരുമെന്ന് പൊലീസ്. അതേസമയം മേയറെ അശ്ളീല ആംഗ്യം കാണിച്ചെന്ന പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ കുറ്റപത്രം കൊടുക്കാനും മേയറും എം.എല്‍.എയും വാഹനം തടഞ്ഞ കേസില്‍ നിയമോപദേശം തേടാനും തീരുമാനം. 

തിരഞ്ഞെടുപ്പ് തോല്‍വി പഠിക്കുന്ന സി.പി.എം കമ്മിറ്റികളില്‍ മേയര്‍ക്കും ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എയ്ക്കും രൂക്ഷവിമര്‍ശനമാണ്. റോഡിലെ തര്‍ക്കം മുതല്‍ മെമ്മറി കാര്‍ഡ് വരെയാണ് വിഷയം. 

തര്‍ക്കത്തിനിടെ സച്ചിന്‍ദേവ് എം.എല്‍.എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടോയെന്നത് പ്രധാനചോദ്യമായിരുന്നു.പ്രത്യേകിച്ചും മേയര്‍ക്കും കൂട്ടര്‍ക്കും ഇടയില്‍ പോലും രണ്ടഭിപ്രായമുള്ളപ്പോള്‍.

സത്യം അറിയാനുള്ള ഏക മാര്‍ഗം ബസിലിരുന്ന് എല്ലാം കണ്ട സി.സി.ടി.വി കാമറയായിരുന്നു. പൊലീസ് അത് തപ്പി വന്നപ്പോളേക്കും മെമ്മറി കാര്‍ഡ് എങ്ങോപോയി. കാര്‍ഡ് എവിടെപ്പോയെന്നായി അടുത്ത അന്വേഷണം. മാസം രണ്ട് കഴിഞ്ഞപ്പോള്‍ അന്വേഷണം ഏതാണ്ട് പൂട്ടിക്കെട്ടിയ അവസ്ഥയാണ്. കാര്‍ഡ്..കാര്‍ഡ് എന്ന് കേട്ടിട്ടുള്ളതല്ലാതെ കെ.എസ്.ആര്‍.ടി.സിയിലെ ആരും അത് കണ്ടിട്ടില്ലത്രേ. കാമറ പിടിപ്പിച്ച കമ്പനി പറയുന്നത് 2023 നവംബറില്‍ മെമ്മറി കാര്‍ഡ് ബസിലിട്ടെന്നാണ്.പക്ഷെ അതിന് ശേഷം എന്ത് സംഭവിച്ചൂവെന്ന് ഒരു തെളിവുമില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കാനുള്ള ആലോചനയിലാണ് പൊലീസ്.

മേയറെയും എം.എല്‍.എയെയും വിമര്‍ശിക്കുന്ന കമ്മിറ്റികളില്‍ പറയുന്നത് മെമ്മറി കാര്‍ഡ് കാണാതായത് നന്നായി, മെമ്മറി കാര്‍ഡിലെ ദൃശ്യം പുറത്തുവന്നിരുന്നെങ്കില്‍ കൂടുതല്‍ നാണക്കേടായാനേയെന്നാണ്. എന്തായാലും ഇനി അങ്ങനെ പേടിക്കേണ്ട, ആ മെമ്മറി കാര്‍ഡും അതിലെ ദൃശ്യവും ഒരു വലിയരഹസ്യമായി മണ്ണടിയാനാണ് സാധ്യത.

മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരായ മറ്റൊരു കേസ് ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടതായിരുന്നു. അതില്‍ തുടര്‍നടപടിക്കായി നിയമോപദേശം തേടാനാണ് തീരുമാനം. എന്നാല്‍ അശ്ളീല ആംഗ്യം കാണിച്ചെന്ന പരാതിയില്‍ യദുവിനെതിരെ ഉടന്‍ കുറ്റപത്രം നല്‍കും.

ENGLISH SUMMARY:

Mayor-Driver dispute: Memory Card Not Seen; The investigation stops