എലിപ്പനിക്കും ഡങ്കിപ്പനിക്കുമെതിരെ അതീവ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. മലിന ജലവുമായി സമ്പര്‍ക്കമുണ്ടായാല്‍ എലിപ്പനിക്കെതിരായ ഡോക്സിസൈക്ളിന്‍ പ്രതിരോധ മരുന്ന് നിര്‍ബന്ധമായും കഴിക്കണം. പനി ജീവനെടുക്കാതിരിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കാമെന്ന് നോക്കാം.
ഈഡിസ് വിഭാഗത്തിലുള്ള പെണ്‍ കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണു ഡെങ്കിപ്പനി. ഈഡിസ് കൊതുകുകൾ മുട്ടയിട്ടു പെരുകുന്നത് ശുദ്ധജലത്തിലാണ്. മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കാനും കൊതുകുകൾ പെറ്റുപെരുകാനും സാധ്യത കൂടുന്നതിനാലാണ് മഴക്കാലം ഡെങ്കിപ്പനി കാലം കൂടിയാകുന്നത്.
ശക്തമായ പനി, ശരീര വേദന, സന്ധികളിൽ വേദന, തലവേദന, കണ്ണിനു പിന്നിൽ വേദന എന്നിവയാണു ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. രക്ത പരിശോധനയിൽ പ്ലേറ്റ്‌ലറ്റിന്റെ അളവ് കുറവാണെങ്കിൽ ഡെങ്കിപ്പനി സംശയിക്കണം. രോഗ ലക്ഷണങ്ങളോടെയും ഇല്ലാതെയും ഡെങ്കിപ്പനി ബാധിക്കാം. ഡെങ്കിപ്പനിക്കു കാരണമാകുന്ന 4 തരം വൈറസുകളാണ് ലോകത്താകമാനമുളളത്. ഈ നാലിനം വൈറസുകളും കേരളത്തിലുണ്ട്. ഒരിക്കൽ ഡെങ്കിപ്പനിയുടെ ഒരു വൈറസ് ബാധിച്ചാൽ അതിനെ പ്രതിരോധിക്കാനുള്ള ശേഷി പിന്നീട് ഒരാൾക്കുണ്ടാകും. എന്നാൽ അതുകൊണ്ട് ഡെങ്കിയുടെ മറ്റ് 3 തരത്തിലുള്ള വൈറസുകളെ പ്രതിരോധിക്കാനുള്ള േശഷിയുണ്ടാകില്ല.
എലിയുടെ മൂത്രത്തില്‍ നിന്ന് പുറത്തേയ്ക്കു വരുന്ന ലെപ്റ്റോസ്പൈറ എന്ന ബാക്ടരീരിയ മലിനജലത്തിലൂടെയോ ചെളിയിലൂടെയോ മനുഷ്യശരീരത്തിനുള്ളില്‍ കടന്നാണ് രോഗബാധ. ചെറിയ മുറിവുകളിലൂടെയോ കണ്ണ്, മൂക്ക്്, വായ തുടങ്ങിയ ഭാഗങ്ങളിലെ ലോലമായ ചര്‍മ്മത്തില്‍ കൂടിയോ രോഗാണു ഉള്ളില്‍ പ്രവേശിക്കാം.ശക്തമായ പനി, തുടയിലെ പേശികള്‍ക്ക് വേദന, കടുത്ത ക്ഷീണം, തലവേദന, ഛര്‍ദ്ദി,കണ്ണുകള്‍ക്ക് ചുവപ്പു നിറം തുടങ്ങിയവ ലക്ഷണങ്ങളാണ്. മലിനജലത്തിലിറങ്ങുമ്പോള്‍ കയ്യുറകളും കാലുറകളും ധരിക്കുന്നതും പ്രതിരോധ മാര്‍ഗമാണ്.