പന്തളത്ത് ഡെങ്കിപ്പനി പരക്കുന്നതിന്റെ പ്രധാന കാരണം മാലിന്യ തള്ളല്‍ കേന്ദ്രമായ മുട്ടാർ നീർച്ചാലെന്ന് നാട്ടുകാർ. പന്തളം നഗരത്തിൽത്തന്നെ കുപ്പികളും മാലിന്യവും നിറഞ്ഞ് ദുർഗന്ധമാണ്. മുട്ടാർ നീർച്ചാലൊഴുകുന്ന മേഖലകളിലാണ് ഡങ്കിപ്പനി ബാധിതരേറെയും.
പദ്ധതികൾ പലത് പ്രഖ്യാപിച്ചെങ്കിലും പന്തളം മുട്ടാർച്ചാൽ ഇപ്പോഴും മാലിന്യ നിക്ഷേപ കേന്ദ്രമാണ്. പന്തളം നഗരസഭയിലെ നാലിലധികം വാർഡുകൾ ഡെങ്കിപ്പനി ഹോട്ട് സ്പോട്ടുകളാണ്. മിക്കതും മുട്ടാർച്ചാലിൻ്റെ പരിസര മേഖലകൾ. പ്രധാന കൊതുകുൽപ്പാദന കേന്ദ്രം ഈ ചാലാണ്. ഒരു കാലത്ത് ശുദ്ധജലം ഒഴുകിയിരുന്ന ചാൽ നശിപ്പിച്ചത് നാട്ടുകാരിൽച്ചിലർ തന്നെയാണ്. നാട്ടുകാരും വ്യാപാര സ്ഥാപനങ്ങളും മാലിന്യം തള്ളി. മാവരപ്പുഞ്ചയിൽ തുടങ്ങി പന്തളം നഗരത്തിലൂടെ കരിങ്ങാലിപ്പുഞ്ചയിലേക്കൊഴുകുന്ന ചാലിലേക്ക് കക്കൂസ് മാലിന്യം വരെ ഒഴുക്കി. തീരത്തുള്ളവരുടെ കിണറുകൾ നശിച്ചു. വെള്ളപ്പൊക്കത്തിൽ മാലിന്യം നാടാകെ ഒഴുകിപ്പരന്നു.
മുട്ടാർച്ചാലിൻ്റ വീതികൂട്ടും ബോട്ടോടിക്കും എന്നൊക്കെ പല എം എൽ എമാരും പ്രഖ്യാപിച്ചു. പല ഫണ്ടുകൾ പ്രഖ്യാപിച്ചു. അടുത്തിടെ കടയ്ക്കാട് ഭാഗത്ത് ആഴം കൂട്ടൽ തുടങ്ങിയെങ്കിലും പാതിവഴിയിൽ നിലച്ചു. ബോട്ടോടിക്കണ്ട ദുർഗന്ധമെങ്കിലും മാറ്റിയാൽ മതിയെന്നാണ് നാട്ടുകാർ പറയുന്നത്.