പെരിയാര്‍ മലിനീകരണവുമായി ബന്ധപ്പെട്ട് എന്തുകൊണ്ട് ഏലൂരില്‍ ആരോഗ്യ സര്‍വേ നടത്തുന്നില്ലെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. പെരിയാര്‍ തീരത്തെ വ്യവസായ സ്ഥാപനങ്ങളുടെ പട്ടിക നല്‍കാനും കോടതി നിര്‍ദേശിച്ചു. ഏലൂരിലെ സ്വകാര്യ കമ്പനികള്‍ പെരിയാറിലേക്ക് ഇന്നും മലിനജലം ഒഴുക്കിയ ദൃശ്യങ്ങള്‍ പുറത്തുവന്നു.
മല്‍സ്യക്കുരുതിയുടെ പശ്ചാത്തലത്തില്‍ പെരിയാറിലെ മലിനീകരണത്തെ കുറിച്ച് പരിശോധിക്കാന്‍ അമിക്കസ് ക്യൂറി ഉള്‍പ്പെടുന്ന സമിതിയെ ഹൈക്കോടതി നിയോഗിച്ചിരുന്നു. പെരിയാറും പരിസരപ്രദേശങ്ങളും സന്ദര്‍ശിച്ച സമിതി മലീനകരണം തുടരുന്നുണ്ടെന്ന് ഹൈക്കോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ്, ഏലൂരില്‍ എന്തുകൊണ്ട് ആരോഗ്യസര്‍വേ നടത്തുന്നില്ലെന്ന ചോദ്യം കോടതി ഉന്നയിച്ചത്.
2008ല്‍ ഈ പ്രദേശത്ത് ആരോഗ്യസര്‍വേ നടത്തിയിരുന്നു. മലിനീകരണം തുടരുന്നതായി ബോധ്യപ്പെട്ടതിനാല്‍ വീണ്ടും സര്‍വേ നടത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. മൂന്നാഴ്ചയ്ക്കകം സര്‍ക്കാര്‍ മറുപടിയും നല്‍കണം. പെരിയാര്‍ തീരത്തെ വ്യവസായ സ്ഥാപനങ്ങളുടെ പട്ടിക നല്‍കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും നിര്‍ദേശം നല്‍കി. പാതാളം ബണ്ടിന്‍റെ മുകള്‍ഭാഗത്താണ് കൂടുതല്‍ മലിനീകരണം എന്ന് ഹര്‍ജിയില്‍ പറയുന്നതിനാല്‍ ഹൈക്കോടതി നിയോഗിച്ച സമിതി ഈ ഭാഗത്തടക്കം പരിശോധന തുടരും. ഇന്നും രണ്ട് സ്വകാര്യ കമ്പനികള്‍ പെരിയാറിലേക്ക് മലിനജലം ഒഴുക്കിയതായി കണ്ടെത്തി. പിസിബി ഉദ്യോഗസ്ഥരെത്തി വെള്ളത്തിന്‍റെ സാംപിള്‍ ശേഖരിച്ചു.