septic-tank-soman

മാന്നാറിലെ കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി സോമന്‍.  നാലുമണിക്കൂർ നീണ്ടുനിന്ന സെപ്റ്റിക് ടാങ്ക് കുഴിച്ചുള്ള പരിശോധനയിൽ അസ്ഥിയുടേത് എന്നു തോന്നിപ്പിക്കുന്ന ചില സാധനങ്ങള്‍, അടിവസ്ത്രത്തിന്‍റെ ഇലാസ്റ്റിക്, ക്ലിപ്പ്, ലോക്കറ്റ്  എന്നിവയാണ് കിട്ടിയതെന്നും, ഒത്തിരി കെമിക്കല്‍സും സെപ്റ്റിക് ടാങ്കില്‍ ഇറക്കിയിട്ടുണ്ടെന്ന് സോമന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മൃതദേഹം മറവ് ചെയ്തതിനു പുറമേ അത് പെട്ടെന്ന് ദ്രവിക്കാൻ രാസവസ്തുക്കൾ ഒഴിച്ചതായാണ് സൂചന.  

 

സംഭവം നടന്നിട്ട് പതിനഞ്ചുവര്‍ഷമായിട്ടുണ്ട്. എങ്കിലും അസ്ഥി പൂര്‍ണമായി പോകാനിടയില്ലായിരുന്നു. പക്ഷേ കെമിക്കലിന്‍റെ ഉപയോഗമാകാം  അസ്ഥി കിട്ടാത്തതിനു കാരണം. സെപ്റ്റിക് ടാങ്കിനു മുകളില്‍ പഴയ വീടിന്‍റെ അവശിഷ്ടങ്ങള്‍ ഇട്ട് മൂടിയ നിലയിലായിരുന്നു.  കല്ലുപോലും പൊടിഞ്ഞു പോകുന്ന തരത്തിലുള്ള കെമിക്കല്‍ ആണിതെന്നും സോമന്‍ കൂട്ടിച്ചേര്‍ത്തു. കെമിക്കല്‍ ചേര്‍ത്തതിനാല്‍ ആരുടെയാണെന്ന് തീര്‍ത്തു പറയാന്‍ പറ്റാത്ത സാഹചര്യമാണെന്നും സോമന്‍ പറഞ്ഞു. 

നിരവധി കേസുകളുമായി ബന്ധപ്പെട്ട് കിണറുകളില്‍ ഇറങ്ങിയിട്ടുണ്ട് എങ്കിലും സെപ്റ്റിക് ടാങ്കില്‍ ഇറങ്ങുന്നത് ആദ്യമായിട്ടാണെന്ന് സോമന്‍ വ്യക്തമാക്കി. സെപ്റ്റിക് ടാങ്കില്‍ നിന്നു ഇനി ഒന്നും എടുക്കാനില്ലെന്നും യുവതിയുടെ ഭര്‍ത്താവ് വന്നാല്‍ മാത്രമേ എന്തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂ. ഫോറന്‍സിക് പരിശോധന എല്ലാം നടക്കുന്നുണ്ടെന്നും തന്‍റെ എന്തെങ്കിലും സഹായം ആവശ്യം വന്നാല്‍ ഉറപ്പായും ചെല്ലുമെന്നും സോമന്‍. 

വലിയ വിവാദമായ ഒട്ടേറെ കേസുകളില്‍ സഹായിയാണ് സോമന്‍. സെപ്റ്റിക് ടാങ്കിന്റെ സ്ലാബുകൾ നീക്കുന്നതിനിടയിൽ കാൽ മുറിഞ്ഞെങ്കിലും ഡെറ്റോൾ ഒഴിച്ചശേഷം പ്ലാസ്റ്റിക് കവർകൊണ്ട് കാൽമൂടി ജോലി തുടർന്നു. 

കൊലപാതകത്തിൽ യാതൊരു തുമ്പും ലഭിക്കാതിരിക്കാൻ പ്രതികൾ വ്യക്തമായി ആസൂത്രണം നടത്തിയതായാണ് പൊലീസ് കരുതുന്നത്.  മൃതദേഹ ഭാഗങ്ങൾ മറ്റെവിടെയെങ്കിലും കുഴിച്ചിട്ടിട്ടുണ്ടോ എന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ട്. ഇത് മുൻനിർത്തി കൂടുതൽ സ്ഥലങ്ങൾ കുഴിച്ചു പരിശോധിക്കാനും പൊലീസ് ആലോചിക്കുന്നു. പ്രതികളുടെ ആസൂത്രണങ്ങൾ ഓരോന്നും പൊളിക്കണമെങ്കിൽ കൃത്യമായ തെളിവുകളും സാക്ഷി മൊഴികളും വേണം. ലഭിച്ച തെളിവുകളുടെ ആധികാരികത ഉറപ്പിച്ച മുന്നോട്ടുപോകാനാണ് പൊലീസിന്റെ തീരുമാനം.

ENGLISH SUMMARY:

Soman Says that Septic tank filled with chemicals which crush stones