തിരുവനന്തപുരം മുതലപ്പൊഴിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍റെ സന്ദര്‍ശനത്തിനിടെ കരിങ്കൊടി പ്രതിഷേധവും സംഘര്‍ഷവും. മല്‍സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളില്‍ പരിഹാരമുണ്ടാക്കാത്ത യോഗം പ്രഹസനമെന്നാരോപിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധം. വിശദമായ ഡി.പി.ആര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടെന്നും അതിനുശേഷം തുടര്‍നടപടിയെന്നും ജോര്‍ജ് കുര്യന്‍ പ്രതികരിച്ചു.
അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന മുതലപ്പൊഴിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ക്കായാണ് മന്ത്രിയുടെ സന്ദര്‍ശനവും യോഗവും നിശ്ചയിച്ചത്. 11.30 ന് ആദ്യം മുതലപ്പൊഴി സന്ദര്‍ശിച്ചു. പിന്നീട് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ ഓഫിസില്‍ കേന്ദ്ര,സംസ്ഥാന ഉദ്യോഗസ്ഥരും, മല്‍സ്യത്തൊഴിലാളികളും, സഭാ നേതൃത്വവും പങ്കെടുത്ത യോഗം. എന്നാല്‍ യോഗത്തില്‍ ബിജെപിക്കാരെ കയറ്റിയെന്നാരോപിച്ചായിരുന്നു ആദ്യം പ്രതിഷേധം.
പിന്നീട് കോണ്‍ഗ്രസ് പ്രതിനിധികളേയും കടത്തിവിട്ടു.യോഗത്തിനു ശേഷം പ്രശ്നങ്ങള്‍ കേള്‍ക്കാനാണ് വന്നതെന്നും, സംസ്ഥാനം ഡി.പി.ആര്‍ നല്‍കുന്ന മുറയ്ക്ക് തുടര്‍ നടപടികളെന്നും മാധ്യമ പ്രവര്‍ത്തകരോടു മന്ത്രിയുടെ പ്രഖ്യാപനം. ആംബുലന്‍സ് മുതല്‍ ഹൈ മാസ്റ്റ് ലൈറ്റു വരെയുള്ള ആവശ്യങ്ങളില്‍ ഒന്നിനും പരിഹാരമായില്ലെന്നും യോഗം പ്രഹസനമാണെന്നും ആരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധം. യോഗഹാളില്‍ നിന്നു മന്ത്രി വാഹനത്തെ പൊലീസ് ഇടപെട്ടാണ് പുറത്തെത്തിച്ചത്.
ഇതിനിടെ വാഹനത്തിന്‍റെ മുന്നിലേക്ക് ചാടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മന്ത്രി പോയശേഷം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. യോഗഹാളിനു സമീപത്ത് രാപകല്‍ സമരം നടത്തുകയായിരുന്ന പ്രവര്‍ത്തകരെ വേദിയില്‍ കയറി അറസ്റ്റു ചെയ്തത് വീണ്ടും വാക്കേറ്റത്തിനിടയാക്കി. സമരം നടത്തിയവരെ ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് സംഘര്‍ഷത്തിനു അയവു വന്നത്.