കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയുടെ സെര്‍വര്‍ അപ്‍ഡേറ്റ് ചെയ്യുന്നതിനാല്‍ രോഗികള്‍ക്ക് ചികിത്സാനുകൂല്യം മുടങ്ങി. ഇതോടെ പണം അടയ്ക്കാന്‍ ഇല്ലാത്തതിനാല്‍ ഡിസ്‌ചാര്‍ജ് വാങ്ങി വീട്ടില്‍ പോകാന്‍ കഴിയാതെ ഏഴ് രോഗികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുടുങ്ങി. 28 മുതലാണ് സെര്‍വര്‍ അപ്‍ഡേറ്റ് ചെയ്യാന്‍ തുടങ്ങിയത്. രോഗികള്‍ ആരോഗ്യവകുപ്പിനും ജില്ലാ കള്ടര്‍ക്കും പരാതി നല്‍കി.
എരവന്നൂര്‍ സ്വദേശിയായ പ്രശാന്തന് നിര്‍മാണ ജോലിക്കിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. മൂന്നുദിവസം കൊണ്ട് ഡിസ്‌ചാര്‍ജ് ചെയ്യാമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. എന്നാല്‍ ഇന്‍ഷൂറന്‍സ് ആനുകൂല്യം ലഭിക്കാത്തതിനാല്‍ ആശുപത്രിയില്‍ തുടരേണ്ട അവസ്ഥയാണ്
ഡിസ്‍ചാര്‍ജ് ചെയ്യണമെങ്കില്‍ ചികിത്സയ്ക്ക് ചെലവായ ഒരു ലക്ഷം രൂപ അടക്കണം. അല്ലെങ്കില്‍ ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും വരെ ആശുപത്രിയില്‍ കഴിയണമെന്നാണ് അധികൃതര്‍ പറയുന്നത്. പ്രശാന്തനെ കൂടാതെ ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ലാസ്റ്റിയും ചെയ്ത ആറ് രോഗികള്‍ ആനുകൂല്യത്തിനായി കാത്തിരിക്കുകയാണ്. രോഗികള്‍ക്ക് ആനുകൂല്യം നല്‍കുന്നത് മാനുവലായി ചേര്‍ക്കാന്‍ സംവിധാനം ഒരുക്കണമെന്നാണാവശ്യം. എന്നാല്‍ ഈ നടപടിയും വൈകുകയാണ്. ആരോഗ്യകിരണം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യത്തെയും സെര്‍വര്‍ തകരാര്‍ ബാധിച്ചിട്ടുണ്ട്.