തോട്ടം തൊഴിലാളി ലയങ്ങളുടെ നവീകരണത്തിനായി സർക്കാർ 20 കോടി രൂപ അനുവദിച്ചെങ്കിലും ഇതുവരെ ഒരു വീട് പോലും പുനർനിർമിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഇതോടെ ഇടുക്കി ഹൈറേഞ്ചിൽ നൂറിലധികം കുടുംബങ്ങളാണ് ദുരിതത്തിൽ കഴിയുന്നത്
മാനം കറുത്താൽ ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികളുടെ ഉള്ളിൽ ആശങ്കയുടെ കാർമേഘം മൂടും. തകർന്ന് വീഴാറായ കൂരയ്ക്ക് കീഴിൽ തൊഴിലാളികള്‍ സർക്കാർ സഹായവും പ്രതീക്ഷിച്ചു കഴിയാൻ തുടങ്ങിയിട്ട് കാലങ്ങളായി. പറഞ്ഞ വാക്ക് സർക്കാർ മറന്നതോടെ അടിസ്ഥാന സൗകര്യമെന്നത് ഇവർക്ക് വെറും കിനാവ് മാത്രമാണ്.
കഴിഞ്ഞ രണ്ട് ബജറ്റിലും ലയങ്ങളുടെ നവീകരണത്തിന് സർക്കാർ ഫണ്ട് അനുവദിച്ചിരുന്നു. ഉരുൾപൊട്ടലിൽ 70 പേർ മരിച്ച 2020 ലെ പെട്ടിമുടി ദുരന്തത്തിന് പിന്നാലെ ലയങ്ങൾ അടിയന്തിരമായി നവീകരിക്കണമെന്ന നിർദേശം ജില്ല ഭരണകൂടം സർക്കാരിനു മുന്നിൽ വച്ചിരുന്നു. പക്ഷേ ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കാൻ നാളിതുവരെ നടപടി എടുത്തിട്ടില്ലെന്നതാണ് ഖേദകരം.