സംസ്ഥാനത്തെ തകർന്ന റോഡുകളിൽ സഞ്ചരിച്ച സ്ത്രീകൾക്ക് ഗർഭച്ഛിദ്രം വരെ ഉണ്ടായെന്ന് പ്രതിപക്ഷം നിയമസഭയിൽ. പല കാര്യങ്ങൾക്കായാണ് റോഡ് കുഴിക്കുന്നതെന്നും കൂടോത്രത്തിന്റെ പേരിലും ചിലർ കുഴിക്കുന്നുണ്ടെന്നും പ്രതിപക്ഷത്തെ ഉന്നമിട്ട് മന്ത്രി മുഹമ്മദ് റിയാസ് പരിഹസിച്ചു. ജനം നട്ടംതിരിയുന്ന റോഡിലെ ദുരിതം സഭയിൽ വാക്പോരിന് മരുന്നായെങ്കിലും, എന്ന് തീരും ഈ ദുരിതമെന്ന ചോദ്യത്തിന് മാത്രം ഉത്തരം കിട്ടിയില്ല.

സംസ്ഥാനത്ത് റോഡുകളുടെ ശോച്യാവസ്ഥ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിലൂടെ ആവശ്യപ്പെട്ടത്. യുദ്ധഭൂമിയിലേക്ക് എന്നപോലെയാണ് ജനം റോഡിലേക്ക് ഇറങ്ങുന്നത് എന്ന് പരിഹസിച്ച നജീബ് കാന്തപുരം, റോഡിലെ കുഴി മൂലം മുഖ്യമന്ത്രി വഴിമാറി സഞ്ചരിച്ചതും ആയുധമാക്കി. 

സംസ്ഥാനത്തെ റോഡുകൾക്ക് ഫുൾ മാർക്ക് നൽകിയ മന്ത്രി മുഹമ്മദ് റിയാസ്, റോഡ് നിർമ്മാണം എന്ന് അവസാനിക്കുമെന്ന് തീർത്ത് പറയാതെ, പ്രതിപക്ഷത്തിനെ പരിഹസിക്കാനാണ് കൂടുതൽ സമയം ചെലവിട്ടത്. ദേശീയപാത 66 നിർമ്മാണം പൂർത്തിയാകുന്നത് വരെ ജനം കാത്തിരിക്കണമോ ചോദിച്ച പ്രതിപക്ഷ നേതാവ് പകരം സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു.

ENGLISH SUMMARY:

Opposition in Assembly over potholes on roads. The opposition has given notice for the urgent motion.