തൃശൂരിന് പിന്നാലെ പാലക്കാട് തന്നാല്‍ കേരളവും എടുക്കുമെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. പാലക്കാട്ടും ചേലക്കരയിലും വയനാട്ടിലും ബിജെപിക്കായി യോഗ്യരായ സ്ഥാനാർഥികൾ വരണമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.  കേരളത്തില്‍ ബിജെപിക്ക് അനുകൂല സാഹചര്യമുണ്ടെന്നും സെഞ്ചുറി അടിക്കാന്‍ ഉറപ്പിച്ച് മുന്നോട്ട് പോകണമെന്നും ശോഭ സുരേന്ദ്രന്‍. പാലക്കാട്ടെ സ്വീകരണ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

'തൃശൂർ എനിക്ക് ഇഷ്ടമാണ്, എനിക്ക് വേണം, തൃശൂർ എനിക്ക് തരണം എന്നാണ് ഞാൻ പറ‍ഞ്ഞത്. അതിനുശേഷമാണ് തൃശൂർ ഞാൻ എടുക്കുവാ എന്ന് പറഞ്ഞത്. നിങ്ങൾ എനിക്ക് പാലക്കാട് തന്നോളൂ, ഈ കേരളം ഞങ്ങളിങ്ങ് എടുക്കും. യോഗ്യരായ സ്ഥാനാർഥികൾ പാലക്കാടും ചേലക്കരയിലും വയനാട്ടിലും വരണം. പാലക്കാട്ടെയും മറ്റു മണ്ഡലങ്ങളിലെയും സ്ഥാനാർഥികൾക്ക് വിജയം ആഘോഷിക്കാൻ ഞാൻ ഒപ്പമുണ്ടാകും. കേരള നിയമസഭയിലേക്ക് പോകുന്ന തിരിനാളങ്ങൾ പാലക്കാടുനിന്നും ചേലക്കരയിൽനിന്നും ഉറപ്പു വരുത്തണം. 27 പേർ നിയമസഭയിൽ ബിജെപിക്കായി വരണം. ആരു ഭരിക്കണമെന്ന് തീരുമാനിക്കാൻ കഴിയണം'– സുരേഷ് ഗോപി.

കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനും നൽകിയ സ്വീകരണം പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്‍റെ കൺവൻഷനാക്കി മാറ്റി ബി.ജെ.പി നേതൃത്വം. സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെ പ്രധാന നേതാക്കളെയെല്ലാം അണിനിരത്തി ബി.ജെ.പിയുടെ ശക്തി പ്രകടനമായിരുന്നു. സ്വീകരണം ഏറ്റുവാങ്ങിയ കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന നേതാക്കളും പാലക്കാട്ടെ ബി.ജെ.പി സാധ്യതകളെക്കുറിച്ച് വാചാലരായി.  

തൃശൂര്‍ എടുക്കുമെന്ന ഒറ്റ ഡയലോഗില്‍ സുരേഷ് ഗോപിയെ ആദ്യം ട്രോളിയെങ്കിലും പിന്നീട് മികച്ച ഭൂരിപക്ഷത്തില്‍ തൃശൂര്‍ കൈപ്പിടിയില്‍ ഒതുക്കുകയാണുണ്ടായത്. കേന്ദ്രമന്ത്രിമാരുടെ പാലക്കാട്ടെ സ്വീകരണത്തില്‍ നേതാക്കള്‍ക്കും ഇതേ ആവേശം. ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്കെല്ലാം ഒരേ സ്വരം. പാലക്കാട് ഇത്തവണ താമര വിരിയും. 

ലോക്സഭയിലേക്ക് ബി.ജെ.പി ആദ്യമായി അക്കൗണ്ട് തുറന്നതിന്‍റെ പ്രതികരണം ഓരോ നേതാക്കളുടെയും ശരീരഭാഷയിലും പ്രതികരണത്തിലും പ്രകടമായിരുന്നു. പാലക്കാട് ബി.ജെ.പി സ്ഥാനാർഥിയായി പരിഗണിക്കുന്നവരും ചർച്ചയിൽ പേര് ഉയർന്നവരും വേദിയിൽ. നിറഞ്ഞ് കവിഞ്ഞ പ്രവർത്തകരും ആവേശം തീർത്തു. 

സ്വീകരണത്തിനപ്പുറം വരുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിന് പ്രവര്‍ത്തകരെ സജ്ജമാക്കുകയായിരുന്നു നേതാക്കളുടെ ലക്ഷ്യം. കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് വി.മുരളീധരനും, കുമ്മനം രാജശേഖരനും, പി.കെ.കൃഷ്ണദാസുമെല്ലാം പ്രചരണത്തിന് കളമൊരുക്കുകയായിരുന്നു. 

ENGLISH SUMMARY:

Suresh Gopi wants BJP to win in Palakkad