vizhinjam

TOPICS COVERED

ആദ്യ മദര്‍ഷിപ്പിനെ വരവേല്‍ക്കാന്‍ സജ്ജമായി വിഴിഞ്ഞം തുറമുഖം. മൂവായിരത്തോളം കണ്ടെയ്നറുകള്‍ വഹിച്ചുള്ള ചരക്ക് കപ്പല്‍ വിഴിഞ്ഞത്ത് നങ്കൂരമിടുന്നത് ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. തുറമുഖത്തിന് ട്രയല്‍ റണ്‍ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ മന്ത്രി മുഖ്യതിഥിയായിരിക്കും. വിശിഷ്ടാതിഥികളുള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ ചടങ്ങില്‍ പങ്കെടുക്കും. 

 

മദര്‍ ഷിപ്പുകള്‍ക്ക് നങ്കൂരമിടാന്‍ കഴിയുന്ന ഇന്ത്യയിലെ ഒരേയൊരു തുറമുഖമാണ് വിഴിഞ്ഞം. ആ നിലയ്ക്കും ചരിത്രപ്പിറവിക്കാണ് പന്ത്രണ്ടാം തിയ്യതി വിഴിഞ്ഞം സാക്ഷിയാവുക. സ്വപ്നസാക്ഷാത്കാരം ആഘോമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കപ്പലിന് നങ്കൂരമിടാന്‍ തുറമുഖം പൂര്‍ണ സജ്ജം. നിര്‍മാണം പൂര്‍ത്തിയായ 800 മീറ്റര്‍ ബെര്‍ത്തില്‍ 400 മീറ്റര്‍ കണ്ടെയ്നറുകളുടെ കയറ്റിറക്കത്തിന് തയ്യാറായി. കണ്ടെയ്നറുകള്‍ ഇറക്കാനും കയറ്റാനുമുള്ള 31 ബൂം ക്രെയ്നുകളും സ്ഥാപിച്ചുകഴിഞ്ഞു. മൂവായിരം കിലോമീറ്റര്‍ ബ്രേക്ക് വാട്ടറും പൂര്‍ത്തിയായി. ഓണ സമ്മാനമായി തുറമുഖം കേരളത്തിന് സമര്‍പ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം തുറമുഖ മന്ത്രി വി.എന്‍ വാസവന്‍ പ്രകടിപ്പിച്ചു. 

ട്രയല്‍ റണില്‍ കടല്‍ മാര്‍ഗമുള്ള ചരക്ക് നീക്കമാണ് നടക്കുക. വിഴി‍ഞ്ഞത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് യാഥാര്‍ഥ്യമാകുന്നതോടെ കരമാര്‍ഗമുള്ള ചരക്ക് നീക്കം നടക്കും. തുറമുഖത്തേക്കുള്ള റെയില്‍വെ പദ്ധതിക്ക് റെയില്‍ ബോര്‍ഡിന്‍റെ അനുമതി ലഭിച്ചിട്ടുണ്ട്. തുറമുത്തിന് കേന്ദ്രം വാഗ്ദാനം ചെയ്ത വി.ജി.എഫിനായുള്ള ത്രികക്ഷി കരാറില്‍ ഈ മാസം 27ന് ഒപ്പിടുമെന്നും മന്ത്രി അറിയിച്ചു. 

ENGLISH SUMMARY:

Vizhinjam port is all set to welcome the first ever mother ship.