aksh

നിയമം കാറ്റില്‍പ്പറത്തി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നഗരസവാരി നടത്തിയ വാഹനത്തിന് ഇതിനോടകം ലഭിച്ചിരിക്കുന്നത് 36750 രൂപ പിഴ. റോഡ് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്ന തരത്തില്‍ അനധികൃത രൂപമാറ്റം വരുത്തി നിരത്തിലിറക്കിയത് ഉള്‍പ്പെടെ നിരവധി നിയമലംഘനങ്ങള്‍ക്ക് വാഹനം പിടികൂടിയിട്ടുണ്ട്. പൊലീസും മോട്ടോര്‍വാഹനവകുപ്പും പലതവണയായി ഈടാക്കിയ പിഴത്തുക ഇതുവരെയും അടച്ചിട്ടില്ല. 

അനധികൃത മോഡിഫിക്കേഷന്‍ നടത്തിയതിനും, ടാക്സ്/ ഇന്‍ഷുറന്‍സ് ഇല്ലാതെ നിരത്തിലിറക്കിയതിനും ഉള്‍പ്പെടെ നിരവധി നിയമലംഘനങ്ങള്‍ക്ക് വാഹനത്തിന്  മോട്ടോര്‍വാഹനവകുപ്പും പൊലീസും പിഴ ഈടാക്കിയിട്ടുണ്ട്. 2023 ഒക്ടോബര്‍ മാസത്തില്‍ പനമരത്ത് വെച്ച് വാഹനം മോട്ടോര്‍വാഹനവകുപ്പ് പിടികൂടുകയും 25250 രൂപ പിഴയീടാക്കുകയും ചെയ്തിരുന്നു.

കാല്‍നടയാത്രക്കാര്‍ക്ക് ഉള്‍പ്പെടെ ദോഷകരമാകുന്ന തരത്തില്‍ മോഡിഫിക്കേഷന്‍ നടത്തിയതിന് മാത്രം 20000 രൂപയാണ് അന്ന് പിഴയീടാക്കിയത്. എന്നാല്‍ ഈ പിഴത്തുക ഇതുവരെ അടച്ചിട്ടില്ല.  

ഈ സംഭവത്തിന് ശേഷം അനധികൃത മോഡിഫിക്കേഷന്‍ നടത്തി വാഹനം നിരത്തിലിറക്കിയിട്ടും അധികാരികള്‍ കണ്ണടച്ചുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ കാട്ടികുളത്ത് വെച്ച് നമ്പര്‍പ്ലേറ്റ് ഇല്ലാതെയും അനധികൃത മോഡിഫിക്കേഷനും നടത്തിയ വാഹനം അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും 250 രൂപ മാത്രം പിഴചുമത്തി വാഹനം വിട്ടയക്കുകയായിരുന്നുവെന്ന് ചല്ലാന്‍ രസീതിലെ ചിത്രം വ്യക്തമാക്കുന്നു. 20000 രൂപ വരെ പിഴയീടാക്കാവുന്ന കുറ്റത്തിനാണ് 250 രൂപ ചുമത്തി വിട്ടയച്ചത്. 

മുന്‍പ് 2021ലും വാഹനത്തിലെ അനധികൃത മോഡിഫിക്കേഷന് 10000 രൂപ പിഴയിട്ടിരുന്നു. 2023 ഒക്ടോബര്‍മാസത്തിലും സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനം എഐ ക്യാമറയില്‍ കുടുങ്ങുകയും 1000 രൂപ പിഴയീടാക്കുകയും ചെയ്തിട്ടുണ്ട്. നമ്പര്‍ പ്ലേറ്റില്ലാതെ മുന്‍പും വാഹനം മോട്ടോര്‍വാഹനവകുപ്പ് പിടികൂടിയിട്ടുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

ഇത്തരത്തില്‍ പിഴ ഈടാക്കിയിട്ടും നിരത്തില്‍ നിയമലംഘനം തുടര്‍ക്കഥയാക്കിയ വാഹനവുമായാണ് ആകാശ് തില്ലങ്കേരി ഇന്ന് നിരത്തിലിറങ്ങി റീല്‍സ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 

ENGLISH SUMMARY:

Akash Thillankeri's Vehicle Has Been Fined 36750 Rupees Earlier For Illegal Modifications