TOPICS COVERED

അക്രമികള്‍ നട്ടെല്ല് തല്ലിയൊടിച്ച യുവാവിനെ സീന്‍ മഹസര്‍ എഴുതാനെന്ന പേരില്‍ സ്ട്രെച്ചറില്‍ സംഭവസ്ഥലത്ത് എത്തിച്ച് പൊലീസിന്റെ പീഢനം. ചാവക്കാട് എടക്കഴിയൂര്‍ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കാണ് ഈ ദുരനുഭവം.പൊലീസിന് എതിരെ സി.പി.എം പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ആരോപണവുമായി രംഗത്തുവന്നു. 

ചാവക്കാട് എടക്കഴിയൂര്‍ സ്വദേശിയായ ഹസന്‍ ബസരിയെ പത്തു ദിവസം മുമ്പായിരുന്നു ആക്രമിച്ചത്. വ്യക്തി വിരോധത്തിന്റെ പേരിലായിരുന്നു പത്തംഗ സംഘത്തിന്റെ ആക്രമണം. ഓട്ടോറിക്ഷ ഡ്രൈവറാണ് ഹസന്‍ ബസരി. മാങ്ങയുടെ കച്ചവടവുമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു ആക്രമണത്തില്‍ കലാശിച്ചത്. അക്രമികളുടെ ഭീഷണി കാരണം ആദ്യ ദിവസങ്ങളില്‍ ചികില്‍സ തേടിയില്ല. പിന്നീട്, ആശുപത്രിയില്‍ ചികില്‍സ തേടിയെങ്കിലും പൂര്‍ണമായും കിടപ്പിലായി. നട്ടെല്ല് തകര്‍ന്ന അവസ്ഥയിലാണ്. പരസഹായമില്ലാതെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ്, സീന്‍ മഹസര്‍ എഴുതാന്‍ പരാതിക്കാരെ ചാവക്കാട് പഞ്ചവടി ബീച്ചില്‍ എത്തിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടത്. 

പരുക്കിന്റെ തീവ്രത ആശുപത്രി രേഖകളില്‍ ഇല്ലെന്നാണ് പൊലീസ് ഭാഷ്യം. പരുക്ക് ഗൗരവമാണെന്ന് പറഞ്ഞിട്ടും പൊലീസ് വിശ്വസിച്ചില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.

ജാമ്യമില്ലാ വകുപ്പു പ്രകാരം ചാവക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ട്രെച്ചറില്‍ ആളെയെത്തിക്കാന്‍ പൊലീസ് നിര്‍ബന്ധിച്ചതിന്റെ കാരണം അന്വേഷിച്ചു വരികയാണെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു.

ENGLISH SUMMARY:

Police brutality to prepare scene Mahsar; The injured person was brought to the structure