psc-bribe

പിഎസ് സി നിയമനത്തിനായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ ഏരിയ കമ്മറ്റിയംഗം പ്രമോദ് കോട്ടൂളിക്കെതിരെ പാര്‍ട്ടി കടുത്ത നടപടിക്ക് ഒരുങ്ങുന്നതിനിടെ, പരാതിയിൽ നിന്ന് പിൻവാങ്ങി വനിതാ ഡോക്ടർ.  തനിക്കെതിരെ കോഴ ആരോപണം ഇല്ലെന്ന് വിശദീരിച്ച്  പ്രമോദ് കോട്ടുളിയും രംഗത്തെത്തി.  വിഷയം ചർച്ച ചെയ്യാനായി ചേരാനിരുന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് യോഗവും മാറ്റിവെച്ചു. 

 

പിഎസ്‌സി അംഗത്വത്തിനായി  ആവശ്യപ്പെട്ട 60 ലക്ഷം രൂപയിൽ 20 ലക്ഷം രൂപയാണ്  കോഴിക്കോട് സ്വദേശികളായ വനിതാ ഡോക്ടറും ഭർത്താവും നൽകിയത്. മറ്റു ചിലവുകൾക്കായി 2 ലക്ഷം രൂപയും കൈമാറി. പിഎസ്‌സി അംഗത്വം കിട്ടാതെ വന്നതോടെ  ആയുഷ മിഷനിൽ ഉയർന്ന തസ്തിക വാഗ്ദാനം ചെയ്തു. ഇതും ലഭിക്കാതെ ആയതോടെയാണ്  പരാതിയുമായി പാർട്ടിയെ സമീപിച്ചത്. സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തിൽ പ്രമോദ് കോട്ടൂളിക്കെതിരെ നടപടി എടുക്കാനായി സെക്രട്ടറിയേറ്റ് യോഗം ചേരാൻ ഇരിക്കെയാണ് പരാതി കെട്ടുകഥയാണെന്ന് വനിതാ ഡോക്ടറും ഭർത്താവും വ്യക്തമാക്കുന്നത്. രണ്ടുപേരും നൽകാത്ത ഒരു പരാതിയെക്കുറിച്ച്  പരസ്യമായി പ്രതികരിക്കാൻ ഇല്ലെന്നും ഇവർ പറയുന്നു. തൊട്ടു പിന്നാലെ ആരോപണം നിഷേധിച്ച് പ്രമോദ് കോട്ടുളിയും രംഗത്തെത്തി.

വിഷയത്തിൽ പാർട്ടി തന്നോട് വിശദീകരണം ചോദിച്ചിട്ടില്ല. ഇല്ലാത്ത പരാതിയെ കുറിച്ചാണ് മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. ഇക്കാര്യത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകും. പാർട്ടിയുമായി ചർച്ചചെയ്ത് തുടർനടപടി തീരുമാനിക്കും. പാർട്ടി അനുമതി നൽകിയാൽ മാത്രമേ പരസ്യ പ്രതികരണത്തിന് സാധിക്കൂ എന്നും പ്രമോദ് കോട്ടൂളി പറഞ്ഞു. അതിനിടെ ഇന്ന് നടക്കാനിരുന്ന സെക്രട്ടറിയേറ്റ് യോഗം മാറ്റിവെച്ചു. പുതിയ തീയതി നിശ്ചയിച്ചിട്ടില്ല. അതേസമയം നാലു ദിവസത്തിനകം ജില്ലാ കമ്മിറ്റിയോഗം ചേരാനാണ് തീരുമാനം. യോഗത്തിൽ വിഷയം ചർച്ചയാകും.

ENGLISH SUMMARY:

Bribery for appointment of PSC; The woman doctor withdrew from the complaint