TOPICS COVERED

ലക്ഷദ്വീപില്‍ പണ്ടാരഭൂമി ഏറ്റെടുക്കലിനെതിരെ കത്തിപ്പടരുന്ന പ്രതിഷേധം നേരിടാന്‍ നിരോധനാജ്ഞയുമായി ഭരണകൂടം. സര്‍വേ നടത്തുന്ന ഭൂമിയില്‍ പ്രവേശിക്കുന്നത് നിയന്ത്രിച്ചും പ്രതിഷേധങ്ങള്‍ വിലക്കിയും ആന്ത്രോത്ത് ഡപ്യൂട്ടി കലക്ടറാണ് ഉത്തരവിറക്കിയത്. കല്‍പേനിയില്‍ സര്‍വേയ്ക്കിടെ നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. 

ലക്ഷദ്വീപില്‍ പണ്ടാരഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സര്‍വേയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് ഭരണകൂടം കുടത്ത നടപടികളിലേയ്ക്ക് നീങ്ങിയത്. സര്‍വേ നടത്തുന്ന ഉദ്യോഗസ്ഥരെ തടയുന്നത് നേരിടാന്‍ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത വകുപ്പ് 163 പ്രയോഗിച്ച് ആന്ത്രോത്തില്‍ ഡപ്യൂട്ടി കലക്ടര്‍ ഉത്തരവിറക്കി. ആളുകള്‍ കൂട്ടംകൂടുന്നതിനും റോഡ് ഉപരോധത്തിനും വിലക്കേര്‍പ്പെടുത്തി. സര്‍വേ നടത്തുന്ന ഇടങ്ങളില്‍ ഭൂവുടമ അല്ലാത്തവര്‍ത്ത് പ്രവേശനം അനുവദിക്കില്ല. കല്‍പേനിയില്‍ സര്‍വേ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചതോടെ സംഘര്‍ഷമുണ്ടായി. പൊലീസും നാട്ടുകാരും ഏറ്റുമുട്ടി. സ്ത്രീകള്‍ക്ക് നേരെ പൊലീസ് മര്‍ദനമുണ്ടായെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. 

പണ്ടാരഭൂമി ഏറ്റെടുക്കാന്‍ ലക്ഷദ്വീപ് കലക്ടര്‍ ജൂണ്‍ 27നാണ് ഉത്തരവിട്ടത്. അഗത്തി, കല്‍പേനി, മിനിക്കോയ്, ആന്ത്രോത്ത് ദ്വീപുകളിലാണ് ഭൂമി പിടിച്ചെടുക്കുന്നതിന് സര്‍വേ ആരംഭിച്ചത്. കോണ്‍ഗ്രസ്, ശരദ് പവാര്‍ വിഭാഗം എന്‍സിപി, ബിജെപി സഖ്യകക്ഷിയായ ജെഡിയു എന്നീ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പണ്ടാരഭൂമി ഏറ്റെടുക്കിലിനെതിരെ രംഗത്തുവന്നിട്ടുണ്ട്. രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രിയെയും നേരില്‍ കണ്ട് പ്രശ്നപരിഹാരം തേടാനുള്ള നീക്കത്തിലാണ് ലക്ഷദ്വീപ് ബിജെപി.

ENGLISH SUMMARY:

Protest against land acquisition in Lakshadweep