സ്വപ്ന സാക്ഷാത്കാരത്തിന് ഇനി ഒരുനാള്‍. ആദ്യ മദര്‍ഷിപ്പ് നാളെ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടും. ഡാനിഷ് കമ്പനി മെര്‍സ്ക് ലൈനിന്‍റെ 'സാന്‍ ഫെര്‍ണാണ്ടോ'യാണ് മൂവായിരത്തോളം കണ്ടെയ്നറുകളുമായി തുറമുഖത്തെത്തുക. പിന്നാലെ ചരക്ക് നീക്കത്തിനുള്ള ഫീഡര്‍ ഷിപ്പുകളും തുറമുഖത്തെത്തും.
വിഴിഞ്ഞത്തിന്‍റെ ഈ കാറ്റിനും തിരകള്‍ക്കും കൂട്ടായി ഇനി കപ്പലുകളുടെ ഇരമ്പലുകളും. ലോകത്തിലെ ഏറ്റവും വലിയ കപ്പലുകള്‍ക്ക് ആതിഥ്യമരുളാനുള്ള വിഴിഞ്ഞത്തിന്‍റെ പ്രാപ്തി വ്യാഴാഴ്ച പുലര്‍ച്ചെ 12.30ന് ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ ഷിപ്പ് കമ്പനികളിലൊന്നായ മെര്‍സ്ക് ലൈനിന്‍റെ 'സാന്‍ ഫെര്‍ണാണ്ടോ' നങ്കൂരമിടുന്നതോടെ തെളിയിക്കപ്പെടും. മുന്നൂറ് മീറ്റര്‍ നീളവും 48 മീറ്റര്‍ വീതിയുമുള്ള സാന്‍ഫെര്‍ണാണ്ടോ കഴിഞ്ഞ ചൊവ്വാഴ്ച ചൈനയിലെ ഷിയാമെന്‍ തുറമുഖത്തുനിന്നാണ് പുറപ്പെട്ടത്. 15.2 നോട്ട്സ് വേഗതയില്‍ സഞ്ചരിക്കുന്ന കപ്പല്‍ വ്യാഴാഴ്ച പുലര്‍ച്ചെ 12.30ന് വിഴിഞ്ഞത്തിന്‍റെ ഔട്ടര്‍ പോയിന്‍റില്‍ നങ്കൂരമിടും. രാവിലെ 9നും പത്തിനുമിടയില്‍ മൂന്ന് ടഗുകളുടെയും ഒരു സര്‍വ്വേ വെസലിന്‍റെയും സഹായത്തോടെ വാട്ടര്‍ സല്യൂട്ട് നല്‍കി ബെര്‍ത്തിലേക്ക് ആനയിക്കും.
അന്നുതന്നെ തുറമുഖത്ത് സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റഡ് ക്രെയ്നുകളുപയോഗിച്ച് കണ്ടെയ്നറുകള്‍ ഇറക്കും. മുഖ്യമന്ത്രിയും കേന്ദ്ര ഷിപ്പിങ് മന്ത്രിയും പങ്കെടുക്കുന്ന സ്വീകരണ പരിപാടി വെള്ളിയാഴ്ചയാണ്. സ്വീകരണത്തിന് സാന്‍ ഫെര്‍റാണ്ടോ മടങ്ങും. തുടര്‍ന്ന് ചരക്ക് നീക്കത്തിനായി രണ്ട് ഫീഡര്‍ ഷിപ്പുകള്‍ കൂടി വിഴിഞ്ഞത്തെത്തും. അവയിലേക്ക് കണ്ടെയ്നറുകള്‍ കയറ്റുന്നതോടെ ട്രയല്‍ റണ്‍ പൂര്‍ത്തിയാകും.