വിഴിഞ്ഞം തുറമുഖത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ട വയബിലിറ്റി ഗ്യാപ് ഫണ്ട് ഉപേക്ഷിക്കുന്നത് സര്‍ക്കാര്‍ ആലോചനയില്‍. കേന്ദ്രം നല്‍കുന്ന തുക  പലമടങ്ങായി തിരികെ നല്‍കുന്നതിന് പകരം നബാഡില്‍നിന്ന് വായ്പയെടുക്കണമെന്ന നിര്‍ദേശമാണ് സര്‍ക്കാരില്‍ ഉയരുന്നത്. എന്നാല്‍ പ്രധാനമന്ത്രി തുറമുഖം കമ്മീഷന്‍ ചെയ്യാനിരിക്കെ തല്‍ക്കാലം പരസ്യപ്രതികരണം സര്‍ക്കാരില്‍ നിന്നുണ്ടായേക്കില്ല.

വിഴിഞ്ഞം തുറമുഖത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വയബലിറ്റി ഗ്യാഫ് ഫണ്ടായ   817.80 കോടി രൂപ  സൗജന്യമാക്കണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യത്തോട് കേന്ദ്രസര്‍ക്കാര്‍ ഇനിയും അനുകൂലമായി  പ്രതികരിച്ചിട്ടില്ല . ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി  മറുപടി പ്രതീക്ഷിച്ചിരിക്കെയാണ് മുഖ്യമന്ത്രി.  

തിരിച്ചടക്കുന്നത് സാമ്പത്തിക ബാധ്യതയാതിനാല്‍  കേന്ദ്രം വാഗ്ദനം ചെയ്യുന്ന വിജിഎഫ് വേണ്ടാ എന്നുവെച്ച് മറ്റ് സാമ്പത്തി സ്രോതസ് തേടണോ എന്ന ആലോചന സജീവമായി. എന്നാല്‍ ഇതിന് കടമ്പകള്‍ ഏറെയാണ്. കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട തുകയ്ക്ക് തത്തുല്യമായ തുക നബാഡില്‍ നിന്ന്   വായ്പയെടുക്കാമെന്നതാണ്  ബദല്‍ മാര്‍ഗം. എന്നാല്‍ ഇക്കാര്യങ്ങളില്‍ ചര്‍ച്ച ഔദ്യോഗികമായി തുടങ്ങാന്‍ സംസ്ഥാ സര്‍ക്കാരിന് പരിമതിയുണ്ട്. 

പ്രധാനമന്ത്രിയെ  തുറമുഖം കമ്മീഷനിങ്ങിന് ക്ഷണിച്ചിരിക്കെ ഏറ്റുമുട്ടലിലേക്ക് പോകാന്‍ ഇടയാക്കിയേക്കുമെന്ന ചിന്തയാണ് ആദ്യത്തേത്. വിഴിഞ്ഞം തുറമുഖത്തിനുള്ള  വയബിലിറ്റി ഗ്യാപ് ഫണ്ടിനായി കേരളം കേന്ദ്രത്തെ സമീപിച്ചപ്പോള്‍ തന്നെ തിരിച്ചടവിന്‍റെ കാര്യം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നതാണ്. ഇനിയും കേന്ദ്രസര്‍ക്കാരിനെ അവഗണിച്ച് പദ്ധതിയില്‍  മുന്നോട്ട് പോകുന്നതിനോട് ഉദ്യോഗസ്ഥര്‍ക്കിയില്‍ വിയോജിപ്പുകളുമുണ്ട്.  പ്രധാനമന്ത്രി വന്ന മടങ്ങിയതിന് ശേഷമാകും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ  തീരുമാനങ്ങളിലേക്ക് കടക്കുക.

ENGLISH SUMMARY:

The state government is considering dropping the viability gap funding to be provided by the central government for the Vizhinjam port project. Instead, a suggestion has been raised to take a loan from NABARD, as the amount from the center would have to be repaid multiple times over. However, with the Prime Minister set to commission the port soon, the government is unlikely to make any public statements on the matter for now.