സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ഹോസ്റ്റലിലെ രണ്ടുപേര്‍ക്കുകൂടിയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സ്ഥാപനത്ത് ആകെ കോളറ ബാധിച്ചവരുടെ എണ്ണം മൂന്നായി. അതേസമയം സംസ്ഥാനത്ത് പനിയും പടരുകയാണ്. ഇന്ന് മാത്രം മൂന്നു മരണം സ്ഥിരീകരിച്ചു.
നെയ്യാറ്റിന്‍കരയില്‍ ഭിന്നശേഷിയുളളവര്‍ക്കായി നടത്തുന്ന ശ്രീകാരുണ്യ മിഷന്‍ ചാരിറ്റബിള്‍ സ്കൂള്‍ സൊസൈറ്റിയില്‍ കോളറ വ്യാപനമുണ്ടായതാണ് സ്ഥിരീകരണം. അന്തേവാസികളില്‍ രണ്ട് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 3 ആയി ഉയര്‍ന്നു. 2 പേരുടെ സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 14 പേരാണ് ചികില്‍സയിലുളളത്. ഇതോടെ സംസ്ഥാനത്ത് ഈമാസം 4 പേര്‍ക്ക് കോളറ ബാധിച്ചു. നേരത്തെ കാസര്‍കോട് ഒരാള്‍ക്കും രോഗം കണ്ടെത്തിയിരുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പതിമൂവായിരത്തിലേറെ പേരാണ് പനിക്ക് ചികില്‍സ തേടിയത്. 10 ദിവസത്തിനിടെ ഒരു ലക്ഷത്തി പതിമൂവായിരത്തിലേറെ പനി ബാധിതര്‍. ഇന്ന് മൂന്ന് മരണം സ്ഥിരീകരിച്ചു. 164 പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചപ്പോള്‍ 470 പേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സ തേടി. 10 പേര്‍ക്ക് എലിപ്പനി കണ്ടെത്തിയപ്പോള്‍ 20 പേര്‍ക്ക് രോഗം സംശയിക്കുന്നു. 24 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പനി നിസാരമായി കാണരുതെന്നും സ്വയം ചികില്‍സ പാടില്ലെന്നും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കി.