TOPICS COVERED

ആന വീണ്ടും കിണറ്റിൽ വീണതിനെ തുടർന്ന് എറണാകുളം മലയാറ്റൂർ ഇല്ലിത്തോട് ജനങ്ങൾ നടത്തി വന്ന പ്രതിഷേധം അവസാനിപ്പിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് സബ് കലക്ടർ ഉറപ്പു നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കിണറ്റിൽ വീണ കുട്ടിയാനയെ അമ്മയാന തന്നെ കരക്ക് കയറ്റിയെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരം വേണം എന്നായിരുന്നു പ്രദേശവാസികളുടെ ആവശ്യം. പുലർച്ചെ മൂന്നുമണിയോടെ കിണറ്റിൽ വീണ കുട്ടിയാനയെ ഏഴുമണിയോടെ അമ്മയാന തന്നെ കരയ്ക്ക് കയറ്റി കൊണ്ടുപോയി. എന്നാൽ ഇനിയും ആനശല്യം സഹിക്കാൻ ആവില്ലെന്ന് വ്യക്തമാക്കിയാണ് വനം വകുപ്പിനെതിരെ രൂക്ഷവിമർശനമുയർത്തി പ്രതിഷേധവുമായി നാട്ടുകാർ തെരുവിലിറങ്ങിയത്. 

പെരുമ്പാവൂർ എ.എസ്.പിയും, തഹസിൽദാരും സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാൻ നാട്ടുകാർ തയ്യാറായില്ല. ഒടുവിൽ സബ് കലക്ടർ എത്തി ഡി.എഫ്.ഒയുമായും, നാട്ടുകാരുമായും ചർച്ച നടത്തി. അരമണിക്കൂറോളം നീണ്ട ചർച്ചയ്ക്ക് ശേഷം നാട്ടുകാരുടെ ആവശ്യങ്ങൾ ന്യായമെന്നും, അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും സബ് കലക്ടർ അറിയിച്ചു ഏതാണ്ട് മുപ്പതാനകളാണ് പ്രദേശത്തുള്ളതെന്ന് നാട്ടുകാർ പറയുന്നു. കൃഷിയും, വീടിനുമുന്നിൽ കിടക്കുന്ന വാഹനങ്ങളും ആനകൾ നശിപ്പിക്കുകയാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വീടിന് പുറത്തേക്കിറങ്ങാൻ പോലും ഭയമാണെന്നും നാട്ടുകാർ പറഞ്ഞു.

People of ernakulam malayatur illithod ended their protest: