harseena

TOPICS COVERED

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ കീഴ്‍ക്കോടതിയുടെ വിചാരണ സ്റ്റേ ചെയ്തത് സര്‍ക്കാര്‍ പ്രതിഭാഗത്തെ സഹായിച്ചതുകൊണ്ടാണന്ന ആരോപണവുമായി ഹര്‍ഷിന. വിചാരണ നിർത്തിവെക്കണമെന്ന പ്രതിഭാഗത്തിന്‍റെ ആവശ്യത്തെ പ്രോസിക്യൂട്ടർ എതിർത്തില്ലന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും ഹര്‍ഷിന മനോരമ ന്യൂസിനോട് പറഞ്ഞു. 

തുടർച്ചയായി ശസ്ത്രക്രിയകള്‍  സമ്മാനിച്ച തീരാവേദന കടിച്ചമര്‍ത്തിയാണ് ഹര്‍ഷിനയുടെ ഇപ്പോഴത്തെ ജീവിതം. മെഡിക്കല്‍ കോളജിലെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് വയറ്റില്‍ കത്രിക കുടുങ്ങിയതെന്നും ഇതില്‍ രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരും കുറ്റക്കാരാണന്നുമായിരുന്നു  പൊലീസിന്റ കുറ്റപത്രം.ഇതിന്റ വിചാരണ നടപടികള്‍ കുന്നമംഗലം കോടതിയില്‍ നടക്കാനിരിക്കെയാണ് ഹൈക്കോടതി നടപടികള്‍  സ്റ്റേ ചെയ്തത്. ഒന്നും രണ്ടും പ്രതികളായ ഡോ സി.കെ രമേശന്‍, ഡോ.എം ഹഷന എന്നിവരുടെ  ഹര്‍ജിയിലായിരുന്നു സ്റ്റേ. വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ലെന്ന് ഹര്‍ഷിന പറയുന്നു. 

 

 പ്രതികള്‍ കോടതിയെ സമീപിച്ചത് പോലും  പ്രോസിക്യൂട്ട‍ര്‍ അറിയിച്ചില്ലന്നും ഹര്‍ഷിന പറയുന്നു.  സ്റ്റേ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹ‍ര്‍ഷീന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ കൂടെയില്ലെങ്കിലും  പ്രതികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കും വരെ പോരാട്ടം തുടരുമെന്നും ഹ‍ര്‍ഷീന വ്യക്തമാക്കി.