തിരുവനന്തപുരത്ത് സ്വകാര്യ സ്ഥാപനത്തിലെ കോളറ വ്യാപനത്തില്‍ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്. സ്ഥാപനത്തില്‍ 8 പേര്‍ കൂടി രോഗലക്ഷണങ്ങളോടെ ചികില്‍സ തേടി. കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് ആയി ഉയര്‍ന്നു.
നെയ്യാറ്റിന്‍കരയില്‍ ഭിന്നശേഷിയുളളവര്‍ക്കായി നടത്തുന്ന ശ്രീകാരുണ്യ മിഷന്‍ ചാരിറ്റബിള്‍ സ്കൂള്‍ സൊസൈററിയില്‍ കോളറ വ്യാപനമുണ്ടായെന്നാണ് സ്ഥിരീകരണം. 23 ഉം 21 ഉം വയസുളള രണ്ട് അന്തേവാസികള്‍ക്ക് കൂടിയാണ് രോഗം ബാധിച്ചത്.
ഇതോടെ 3 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളജിലും ഐരാണിമുട്ടത്തെ ഐസലേഷന്‍ കേന്ദ്രത്തിലുമായി 21 പേരാണ് ചികില്‍സയിലുളളത് . രോഗകാരിയായ ബാക്ടീരിയ അന്തേവാസികളുടെ ശരീരത്തില്‍ എത്തിയതെങ്ങനെ എന്നത് സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമില്ല. 10 ദിവസം മുമ്പ് ഒരു സ്വകാര്യ വ്യക്തി സ്ഥാപനത്തിലെ അന്തേവാസികള്‍ക്ക് ഭക്ഷണമെത്തിച്ചിരുന്നു. ഈ വഴിക്കാണോ രോഗം ബാധിച്ചത് എന്നത് കണ്ടെത്താനായിട്ടില്ല. വീട്ടില്‍ പോയ അന്തേവാസികള്‍ക്ക് ആര്‍ക്കെങ്കിലും രോഗം ബാധിക്കുകയും തിരികെ സ്ഥാപനത്തിലെത്തിയപ്പോള്‍ മറ്റുളളവര്‍ക്കും പകര്‍ന്നതാണോ എന്നും പരിശോധിക്കുന്നുണ്ട്. ഇവരുടെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്. സ്ഥാപനത്തിലെ വിവിധ ജല സ്ത്രോതസുകളില്‍ നിന്ന് സാംപിളുകള്‍ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്.
രണ്ടു ദിവസത്തിനകം പരിശോധനാ ഫലം വരും. സ്ഥാപനത്തോട് ചേര്‍ന്ന് വെളളമൊഴുകുന്ന ചാലില്‍ മീനുകള്‍ ചത്തു കിടന്നതും പരിശോധിക്കുന്നുണ്ട്. ചികില്‍സയില്‍ കഴിയുന്ന എല്ലാവരുടേയും ആരോഗ്യനില മെച്ചപ്പെട്ടത് ആശ്വാസമാണ്.