v-sivankutty

മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം നിയമസഭയിലും സമ്മതിച്ച് സര്‍ക്കാര്‍. മലപ്പുറം, കാസര്‍കോട് ജില്ലകളിലായി പ്ലസ് വണിന് 138 അധികബാച്ചുകള്‍ അനുവദിച്ചതായി മന്ത്രി വി.ശിവന്‍കുട്ടി പ്രത്യേക പ്രസ്താവനയിലുടെ സഭയെ അറിയിച്ചു. തീരുമാനത്തില്‍ പൂര്‍ണതൃപ്തരല്ലെങ്കിലും ഞങ്ങൾ പറഞ്ഞതാണ് ശരിയെന്ന് സർക്കാരിന് ബോധ്യപ്പെട്ടുവെന്ന് പ്രതിപക്ഷം പ്രതികരിച്ചു.

മലബാര്‍ മേഖലയില്‍ പത്താക്ലാസ് പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കുപോലും ആഗ്രഹിച്ച വിഷയത്തില്‍ ഉപരിപഠനത്തിന് അവസരമില്ലെന്ന പ്രശ്നം നിയസഭയിലും പുറത്തും വലിയതോതില്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റം. എല്ലാ അലോട്മെന്റുകളും പൂര്‍ത്തിയായാലും മലപ്പുറത്ത് സീറ്റുകള്‍ ബാക്കിയാകുമെന്നായിരുന്നു മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ ഇതുസംബന്ധിച്ച അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നല്‍കിയത്. വിദ്യാര്‍ഥി സംഘടനകളുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതിയെ സീറ്റുക്ഷാമം പഠിക്കാന്‍ നിയോഗിച്ചു. ഈ പഠനത്തില്‍ സര്‍ക്കാര്‍ വാദം തെറ്റെന്ന് തെളിഞ്ഞു. തുടര്‍ന്ന് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം  മലപ്പുറത്ത് 74 സർക്കാർ സ്കൂളുകളിലായി 120 ഹയർ സെക്കൻഡറി താൽക്കാലിക ബാച്ചുകളും കാസർകോട് 18 സ്കൂളുകളിലായി 18 താൽക്കാലിക ബാച്ചുകളും അനുവദിച്ചു. താൽക്കാലിക ബാച്ചുകൾ അനുവദിച്ചതിൽ 14 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നും ചട്ടം 300 പ്രകാരമുള്ള പ്രസ്താവനയിൽ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

മലപ്പുറത്ത് 59 ഹ്യൂമാനിറ്റീസ് ബാച്ചും 61 കൊമേഴ്സ് ബാച്ചും അനുവദിച്ചു.കാസർകോട് ഒരുസയൻസ് ബാച്ചും നാല് ഹ്യുമാനിറ്റീസ് ബാച്ചും 13 കൊമേഴ്സ് ബാച്ചുമാണ് അനുവദിച്ചത്. പ്ലസ് വണ്ണിന് 138 ബാച്ചുകൾ അനുവദിച്ചത് സ്വാഗതാർഹമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തങ്ങൾ പറഞ്ഞതാണ് ശരിയെന്ന് സർക്കാരിന് ബോധ്യപ്പെട്ടുവെന്നും സതീശൻ. മറ്റ് ജില്ലകളിലും സീറ്റ് അനുവദിക്കണമെന്ന് പറയുന്നത് സര്‍ക്കാര്‍ സ്കൂളുകളില്‍ മാത്രം അധിക ബാച്ച് അനുവദിച്ചാല്‍ മതിയാകില്ലെന്ന് മുസ്‌ലിം ലീഗ് നിയമസഭാ കക്ഷിനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.

ENGLISH SUMMARY:

Temporary batches for higher secondary have been allotted to Malappuram and Kasaragod