autistic-student-expelled-f

ഓട്ടിസം ബാധിതനായ വിദ്യാര്‍ഥിയെ തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്‍റ് മോഡല്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയതില്‍ നടപടി. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിഇഒയോട് മനുഷ്യവകാശ കമ്മിഷൻ ആക്‌ടിങ് ചെയർ പേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജു നാഥ് ഉത്തരവിൽ ആവശ്യപ്പെട്ടു. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. പ്രിൻസിപ്പലിനെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥിയുടെ അമ്മ നേരത്തെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. 

 

മണക്കാട് സ്വദേശിയായ ദമ്പതികളുടെ മകനെയാണ് പൊതുപരിപാടിയിൽ ഒച്ചയിണ്ടാക്കിയെന്ന കാരണത്താൽ പുറത്താക്കിയത്. കുട്ടി സ്കൂളിൽ തുടരുന്നത് സ്കൂളിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നായിരുന്നു പ്രിൻസിപ്പലിന്റെ വാദം. ദൂരപരിധി കാരണം കുട്ടിക്ക് ടിസി വാങ്ങുന്നു എന്ന് അപേക്ഷയിൽ എഴുതണമെന്ന് പ്രിൻസിപ്പാൾ അമ്മയ്‌ക്ക് നിർദേശം നൽകിയതായി അമ്മ പറഞ്ഞു. അമ്മ മൂന്ന് മാസത്തെ സാവകാശം ചോദിച്ചു. എന്നാൽ പ്രിൻസിപ്പാൾ ഒരാഴ്‌ച സമയമാണ് നൽകിയത്. കുട്ടി സ്‌കൂളിൽ തുടർന്നാൽ മറ്റ് കുട്ടികൾ സ്‌കൂളിൽ വരില്ലെന്ന് പ്രിൻസിപ്പാൾ പറഞ്ഞു. പ്രിൻസിപ്പലിനെതിരെ നടപടി ആവശ്യപ്പെട്ട് ഭിന്നശേഷിക്കാരുടെ സംഘടനയായ സക്ഷമയുടെ നേതൃത്വത്തിൽ സ്കൂൾ പടിക്കൽ പ്രതിഷേധ ധർണ്ണയും നടത്തി. 

ENGLISH SUMMARY:

Autistic student expelled from school by principal: Human Rights Commission Filed Case