jenish-kumar-krajan-1107

പട്ടയ ഭൂമിയിലെ മരങ്ങളുടെ ഉടമസ്ഥാവകാശം കർഷകന് തന്നെ ലഭിക്കുന്ന രീതിയിൽ ചട്ടഭേദഗതി വരത്തുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻപറഞ്ഞു. നിയമസഭയിൽ  കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. 1964 ലെ ഭൂപതിവ് ചട്ടത്തിനൊപ്പം  പട്ടയ ഫോറത്തിൽ  രേഖപ്പെടുത്തിയിട്ടുള്ള   തേക്ക്, ഈട്ടി, കരിമരം, ചന്ദനം എന്നിവ സംരക്ഷിത മരങ്ങളാണ്.  ചട്ടപ്രകാരം പട്ടയം നൽകുന്ന  സമയത്ത് ഈ ഭൂമിയിൽ നിലനിൽക്കുന്ന ഇത്തരം വൃക്ഷങ്ങൾ  സർക്കാരിൽ  നിക്ഷിപ്തമാക്കിയിരുന്നു.  ഇവയും പിന്നീട് പട്ടയ ഭൂമിയിൽ നട്ടുവളർത്തിയതും  കിളിർത്തുവന്നതുമായ മറ്റ് വൃക്ഷങ്ങളും കർഷകൻ സംരക്ഷിക്കണമെന്നും നിലവിലെ ചട്ടത്തിലുണ്ട്. ഇത് മറികടക്കാൻ  സർക്കാർ പുതിയ ഉത്തരവ്  ഇറക്കിയെങ്കിലും ഇത്  ദുർവ്യാഘ്യാനം ചെയ്തതിനെ  തുടർന്ന് റദ്ദാക്കേണ്ടി വന്നു. ഇതേ തുടർന്നാണ്  നിയമ വകുപ്പുമായി ആലോചിച്ച് പുതിയ ചട്ടം കൊണ്ടുവരാൻ ആലോചിക്കുന്നതെന്നും സ്വകാര്യ ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിന് ഉടമക്കുള്ള എല്ലാ അവകാശങ്ങളും പട്ടയ ഭൂമിയില കർഷകർക്കും ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 

മലയോര കർഷകരുടെ പതിറ്റാണ്ടുകളായുളള ആവശ്യത്തിന് പരിഹാരമാകുമെന്ന് ജനീഷ് കുമാർ

പതിറ്റാണ്ടുകളായി മലയോരത്ത് നിലനിൽക്കുന്ന പ്രധാന പ്രശ്നമാണ് പട്ടയ ഭൂമിയിലെ  മരം മുറിക്കൽ.  കെ.യു. ജനീഷ് കുമാർ   ഈ പ്രശ്നത്തിൽ  സജ്ജീവമായി ഇടപെടുകയും  2020 മാർച്ച് 11ന് റവന്യൂ വകുപ്പ് പരിപത്രം പുറത്തിറക്കുകയും ചെയ്തിരുന്നു.  കൃഷിക്കാർക്ക് ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കുന്നതിന് തടസമില്ല എന്നു വ്യക്തമാക്കിയാണ് പരിപത്രം പുറപ്പെടുവിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥർ ഈ പരിപത്രത്തിൽ നിയമപരമായ വ്യക്തതയില്ല എന്ന് ആരോപിച്ച് തുടർന്നും മരംമുറി തടസപ്പെടുത്തി. മുഖ്യമന്ത്രി വീണ്ടും വിഷയത്തിൽ ഇടപെടുകയും റവന്യൂ വകുപ്പ്  സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ കോടതി ഇടപെടൽ കാരണം ഇതും നടപ്പാക്കാൻ കഴിഞ്ഞില്ല. ചട്ടഭേതഗതി നിലവിൽ വരുത്തുന്നതോടെ  മലയോര കർഷകരുടെ പതിറ്റാണ്ടുകളായുളള ആവശ്യത്തിന് പരിഹാരമാകുമെന്ന് ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.

ENGLISH SUMMARY:

The Minister of Revenue Department said that the government is considering amending the rules in such a way that the ownership rights of the trees in Pattayam land can be obtained by the farmer himself.