ആലപ്പുഴ ജില്ലയിൽ തുടർച്ചയായി പക്ഷിപ്പനി സ്ഥിരീകരിക്കുമ്പോഴും കുട്ടനാട്ടില്‍ പക്ഷിരോഗ നിർണയത്തിനായി വൈറോളജി ലാബ് സ്ഥാപിക്കുന്ന പ്രഖ്യാപനം നടപ്പായില്ല. സർക്കാർതലത്തിൽ ഫണ്ട് അനുവദിക്കുന്ന കാര്യമൊക്കെ ചര്‍ച്ചയായെങ്കിലും പിന്നീട് ഒന്നും നടന്നില്ല. ചത്തു വീണ പക്ഷികളുടെ സാംപിൾ ശേഖരിച്ച് ഭോപ്പാലിലെ ഹൈസെക്യൂരിറ്റി ലാബില്‍ പരിശോധിച്ചു പക്ഷിപ്പനിയെന്ന് ഉറപ്പാക്കുമ്പോഴേക്കും രോഗം പടര്‍ന്നുകഴിഞ്ഞിരിക്കും
2014 നവംബർ 24നാണ് കേരളത്തിൽ ആദ്യമായി കുട്ടനാട്ടിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. ഇതിനു പിന്നാലെയാണു കുട്ടനാട്ടിലെ മങ്കൊമ്പില്‍ വൈറോളജി ലാബ് സ്ഥാപിക്കുമെന്നു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്തിരുവല്ല. മഞ്ഞാടിയിൽ പക്ഷിരോഗ നിർണയ ലാബ് ഉണ്ടെങ്കിലും പക്ഷിപ്പനി സ്ഥിരീകരിക്കണമെങ്കിൽ ഭോപാലിലെ പരിശോധനാഫലം വരണം. ബയോ സേഫ്റ്റി ലവൽ 2 പ്ലസ് നിലവാരമുള്ളതാണു മഞ്ഞാടിയിലെ ലാബ്. മഞ്ഞാടിയിലെ ലാബിൽ ലാറ്ററൽ ഫ്ലോ പരിശോധനയിലൂടെ ഒരു മണിക്കൂർ കൊണ്ടു പരിശോധനാഫലം ലഭിക്കും . ഭോപ്പാലിലെ ലാബിലെ ഫലമാണ് അന്തിമ സ്ഥിരികരണത്തിന് സ്വീകരിക്കുന്നത്.
ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പക്ഷിപ്പനി സ്ഥിരീകരിക്കാനുള്ള പരിശോധന നടത്താൻ അനുമതി നൽകണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു.ഇതിനും അനുകൂല നടപടിയുണ്ടായിട്ടില്ല.. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പക്ഷിപ്പനി പരിശോധിച്ചു സ്ഥിരീകരിക്കാനായാൽ പരിശോധനാഫലം ലഭിക്കുന്നതിലെ കാലതാമസം നീങ്ങും. ഒരു വളർത്തുപക്ഷി ചത്താല്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു കള്ളിങ് നടത്താൻ പത്തു ദിവസത്തോളം സമയമെടുക്കും. പക്ഷിപ്പനിക്കു കാരണമാകുന്ന വൈറസിനു വ്യാപന ശേഷി കൂടുതലായതിനാല്‍ രോഗം ഒട്ടേറെ പക്ഷികളിലേക്കു വ്യാപിക്കും. ചത്തു വീണ പക്ഷികളിൽ നിന്നുള്ള സാംപിൾ ശേഖരിച്ചു പരിശോധിച്ചു പക്ഷിപ്പനിയെന്ന് ഉറപ്പാക്കാനാണു കൂടുതൽ സമയമെടുക്കുന്നത്. പക്ഷിപ്പനി സ്ഥിരീകരിക്കാൻ അനുമതിയുള്ള ഭോപാലിലെ ലാബിലേക്കു സാംപിൾ എത്തുമ്പോൾ തന്നെ അഞ്ചു ദിവസത്തിലധികമെടുക്കും.