- 1

കാസർകോട് ചിത്താരിയിൽ ഷൂ ധരിച്ച് സ്‌കൂളിലെത്തിയതിന് പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച കേസിൽ 15 സീനിയർ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. ചിത്താരി ജമാഅത്ത് സ്കൂ‌ളിലെ വിദ്യാർഥിയാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ ആറ് വിദ്യാർഥികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. 

 

ചിത്താരി ജമാഅത്ത് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഹൊസ്ദുർഗ് പൊലീസ് കേസെടുത്തത്. കണ്ടാലറിയുന്ന 15 പ്ലസ് ടു വിദ്യാർഥികൾക്കെതിരെയാണ് കേസ്. സ്കൂളിൽ നടന്നത് റാഗിങാണെന്ന് പരാതിയിലുണ്ടെങ്കിലും നിലവിൽ റാഗിങ് വകുപ്പുകൾ ചേർത്തിട്ടില്ല. മർദ്ദിച്ചതിന് മാത്രമാണ് കേസ്. സ്കൂളിൽ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമേ ഈ വകുപ്പുകൾ ചേർക്കൂ. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് പള്ളിക്കൽ സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിയെ ഷൂ ധരിച്ച് സ്കൂളിൽ എത്തിയതിന്റെ പേരിൽ പ്ലസ്ടു വിദ്യാർഥികൾ ചേർന്ന് മർദ്ദിച്ചത്. സ്കൂളിനടുത്തുള്ള ബസ് സ്റ്റോപ്പിൽ വച്ചായിരുന്നു സംഭവം. വിവരം പുറത്തു പറഞ്ഞാൽ മർദ്ദനം തുടരുമെന്ന് ഭീഷണി ഉണ്ടായിരുന്നതിനാൽ വിദ്യാർഥി സംഭവം രഹസ്യമാക്കി വയ്ക്കുകയായിരുന്നു. എന്നാൽ മർദ്ദന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ വ്യാപകമായി പ്രചരിച്ചതോടെ കുടുംബം പരാതിയുമായി രംഗത്തെത്തി. സീനിയർ വിദ്യാർഥികൾ മുഖത്തടിക്കുകയും മുടിയിൽ പിടിച്ചു മർദ്ദിക്കുകയും അശ്ലീല വാക്കുകൾ പ്രയോഗിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. 

ENGLISH SUMMARY:

Case filed against 15 people for beating Plus One student