vinod-kumar

TOPICS COVERED

സംസ്ഥാനത്തെ മുതിര്‍ന്ന ഡിജിപിയും വിജിലന്‍സ് ഡയറക്ടറുമായ ടി.കെ.വിനോദ് കുമാര്‍ സര്‍വീസില്‍ നിന്നു സ്വയം വിരമിച്ചു. ഇദ്ദേഹം നല്‍കിയ സ്വയം വിരമിക്കല്‍ അപേക്ഷ സര്‍ക്കാര്‍ അംഗീകരിച്ചു. നിലവിലെ പൊലീസ് മേധാവി ഷേഖ് ദര്‍വേശ് സാഹിബിനു ഒരു വര്‍ഷം കൂടി നീട്ടി നല്‍കിയതോടെ ടി.കെ.വിനോദ് കുമാറിനെ പൊലീസ് മേധാവിയാകാനുള്ള സാധ്യത മങ്ങിയിരുന്നു.

 

ഷേഖ് ദര്‍വേശ് സാഹിബിനു പിന്നാലെ പൊലീസ് മേധാവിയാകുമെന്നു കരുതിയിരുന്ന മുതിര്‍ന്ന ഡിജിപിയായിരുന്നു ടി.കെ.വിനോദ് കുമാര്‍. എന്നാല്‍ കഴിഞ്ഞ ദിവസം സര്‍വീസ് കാലാവധി കഴിഞ്ഞ ഷേഖ് ദര്‍വേശ് സാഹിബിനു പ്രത്യേക അധികാരം ഉപയോഗിച്ച് ഒരു വര്‍ഷം കൂടി നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഷേഖ് ദര്‍വേശ് സാഹിബ് 1990 ബാച്ചുകാരനും വിനോദ്കുമാര്‍ 92 ബാച്ചുകാരനുമാണ്.  ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഇന്‍റലിജന്‍സ് ഡി.ജി.പിയായിരുന്ന ടി.കെ.വിനോദ് കുമാര്‍ വിജിലന്‍സ് ഡയറക്ടറായതിനു തൊട്ടു പിന്നാലെയാണ് വി.ആര്‍.എസിനു അപേക്ഷ സമര്‍പ്പിച്ചത്. വിദേശത്തേക്ക് അധ്യാപന ജോലിക്കു പോകുന്നതിനായിരുന്നു അപേക്ഷ. എന്നാല്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ല. വീണ്ടും അപേക്ഷ അംഗീകരിക്കാനായി വിനോദ്കുമാര്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇന്നു അപേക്ഷ അംഗീകരിച്ചുകൊണ്ടു സര്‍ക്കാര്‍ ഉത്തരവിറക്കി. 30 വര്‍ഷവും ആറു മാസത്തേയും സര്‍വീസ് പൂര്‍ത്തിയാക്കിയാണ് പടിയിറക്കം. 1992 ബാച്ചുകാരനായ വിനോദ് കുമാറിനു ഇനിയും ഒരു വര്‍ഷത്തെ സര്‍വീസ് ബാക്കിയുണ്ട്. 

DIG TK Vinod kumar retired from service voluntarily: