ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ അധ്യാപികയ്ക്ക് രക്ഷകരായി കെ.എസ്.ആർ.ടി ജീവനക്കാർ. അട്ടപ്പാടിയിൽ നിന്നും മണ്ണാർക്കാട്ടേക്കുള്ള യാത്രയക്കിടെ ബസിൽ കുഴഞ്ഞുവീണ മുണ്ടൂർ സ്വദേശിയും അട്ടപ്പാടിയിലെ അധ്യാപികയുമായ സുജാതയെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
അട്ടപ്പാടിയിൽ നിന്നും എടത്തനാട്ടുകരയിലേക്കുള്ള കെ.എസ് ആർ ടി സി ബസ് യാത്രയ്ക്കിടെയാണ് അധ്യാപികയ്ക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ബസ് മണ്ണാർക്കാട്ടെത്തിയപ്പോൾ അധ്യാപിക തലകറങ്ങി വീഴാൻ തുടങ്ങി. ഒപ്പം ആരുമുണ്ടായിരുന്നില്ല. അപകടം തിരിച്ചറിഞ്ഞ ഡ്രൈവർ ശരവണനും കണ്ടക്ടർ ബാലകൃഷ്ണനും ചേർന്ന് വേഗത്തിൽ അധ്യാപികയെ അതേ ബസിൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാരോട് ഗൗരവം അറിയിച്ച് അടിയന്തര ചികിൽസ ഉറപ്പാക്കി. ബന്ധുക്കളെപ്പോലെ അധ്യാപികയുടെ അരികിലുണ്ടായിരുന്നു ഇരുവരും. അധ്യാപിക സുരക്ഷിതയാണെന്ന് ഡോക്ടർമാർ അറിയിച്ചപ്പോഴാണ് ഇവർക്ക് ആശ്വാസമായത്.
മണ്ണാർക്കാട് നിന്നും എടത്തനാട്ടുകരയിലേക്ക് പോവേണ്ട ട്രിപ്പ് മേലധികാരിയുടെ സമ്മതത്തോടെ റദ്ദാക്കിയാണ് ഡ്രൈവറും കണ്ടക്ടറും ആശുപത്രിയിൽ സഹായികളായി തുടർന്നത്. അധ്യാപികയുടെ ബന്ധുക്കളെത്തിയെന്ന് ഉറപ്പാക്കിയതിന് പിന്നാലെയാണ് ഇവർ വീണ്ടും യാത്രക്കാരെ തേടി ബസിൽ കയറിയത്. ആന വണ്ടിയുടെ ആനയോളം പോരുന്ന സുരക്ഷാ കരുതലിൻ്റെ അനുഭവുമായി വീണ്ടും യാത്ര തുടരുകയാണ് ഇരുവരും.