പിഎസ്‌സി കോഴ ആരോപണത്തിൽ പൊലീസിന് പരാതി നൽകാനുള്ള നീക്കത്തിൽ നിന്ന് തൽക്കാലത്തേക്ക് പിൻവാങ്ങി പ്രമോദ് കോട്ടൂളി. തന്നെ കുടുക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ മുതിർന്ന നേതാക്കൾ ഉണ്ടെന്ന് പ്രമോദ് കോട്ടൂളി തുറന്നു സമ്മതിച്ചു. അതേസമയം വിഷയത്തിൽ സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകാനാണ് പ്രമോദിന്റെ തീരുമാനം.
പ്രമോദിനെ പുറത്താക്കാനുള്ള തീരുമാനം ജില്ലാ കമ്മിറ്റിയാണ് എടുത്തത്. സംസ്ഥാന കമ്മിറ്റിയുടെ അറിവോടെയാണ് ഈ തീരുമാനം എന്ന് പ്രമോദിന് അറിയാമെങ്കിലും ഇക്കാര്യത്തിൽ താൻ നിരപരാധിയാണെന്ന് സംസ്ഥാന കമ്മിറ്റിയെ
കൂടി ബോധ്യപ്പെടുത്താൻ ആണ് പ്രമോദിന്റെ ഇപ്പോഴത്തെ നീക്കം. അതിനുശേഷം ആകും പൊലീസ് നടപടികളിലേക്ക് നീങ്ങുക. ഇക്കാരണ കൊണ്ടാണ് സിറ്റി പൊലീസ് കമ്മീഷണറെ ഇന്ന് നേരിട്ടു കണ്ട് പരാതി നൽകാനുള്ള തീരുമാനം മാറ്റിവച്ചത്. അതിനിടെ ജില്ലയിലെ മാഫിയ പ്രവർത്തനങ്ങൾക്ക് മന്ത്രി മുഹമ്മദ് റിയാസ് ആണ് നേതൃത്വം നൽകുന്നതെന്ന് കോൺഗ്രസ് ജില്ലാ കമ്മിറ്റി. പ്രവർത്തകർ മന്ത്രിയുടെ കോലവും കത്തിച്ചു. വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു.