TOPICS COVERED

പാലക്കാട് സി.പി.ഐ നേതൃത്വത്തിന് ബദലായി വിമതരുടെ കൂട്ടായ്മ സേവ് സി.പി.ഐ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. വ്യത്യസ്ത കാരണങ്ങളാൽ പുറത്താക്കപ്പെട്ടവരും സി.പി.ഐയിൽ നിന്നും രാജിവച്ചവരുമായ അഞ്ഞൂറിലേറെ പ്രവർത്തകർ പുതിയ ഫോറത്തിന്‍റെ ഭാഗമായി. അഴിമതിക്കാരനായ ജില്ലാ സെക്രട്ടറിക്കൊപ്പം തുടരാനാവില്ലെന്നും എതിർ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നവരായി മാത്രം സി.പി.ഐ നേതൃത്വം മാറിയെന്നും വിമർശനം.

മൂന്ന് വർഷത്തിലേറെയായി നിലനിന്ന തർക്കവും ആരോപണ പ്രത്യാരോപണങ്ങളുമാണ് സേവ് സി.പി.ഐ ഫോറത്തിന്‍റെ പിറവിക്ക് പിന്നിൽ. സി.പി.ഐ പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരെ അഴിമതി ആരോപണങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു ആദ്യ യോഗം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം നേതാക്കളെ പ്രചരണത്തിനിറക്കാൻ മണ്ണാർക്കാട്ടെ സി.പി.ഐ സ്ഥാനാർഥി മൂന്ന് കോടി രൂപ നൽകിയതായിപ്പറയുന്ന ശബ്ദ രേഖ അവിശുദ്ധ കൂട്ടുകെട്ടിന്‍റേയും അഴിമതിയുടെയും യഥാർഥ തെളിവാണെന്നും ആക്ഷേപം. 

സി.പി.ഐയില്‍നിന്നും രാജിവെച്ചവരും നടപടികള്‍ നേരിട്ടവരുമായ ജില്ലയിലെ 13 മണ്ഡലം കമ്മിറ്റികളില്‍നിന്നുള്ളവരുടെ കൂട്ടായ്മയാണ് മണ്ണാര്‍ക്കാട് നടന്നത്. പിന്നാലെ സേവ് സി.പി.ഐ. ഫോറം രൂപീകരിച്ചതായി  പ്രഖ്യാപിച്ചു. പാലോട് മണികണ്ഠന്‍ സെക്രട്ടറിയും, ആര്‍. രാധാകൃഷ്ണന്‍, കോടിയില്‍ രാമകൃഷ്ണന്‍ എന്നിവർ അസിസ്റ്റന്‍റ് സെക്രട്ടറിമാരുമായി 45 അംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. സി.പി.ഐ. ജില്ലാ കമ്മിറ്റിയ്ക്ക് നിലവില്‍ 45 അംഗങ്ങളുണ്ട്. ഇതിനു സമാന്തരമായാണ് സേവ് സി.പി.ഐ. ഫോറത്തിലും  ഇത്രയുംതന്നെ അംഗങ്ങളെ ഉള്‍കൊള്ളിച്ചത്. വരും ദിവസങ്ങളിൽ മണ്ഡലം കമ്മിറ്റികളും നിലവില്‍വരും. ഒത്തുപോകാൻ കഴിയാത്ത നിരവധി പേർ വൈകാതെ സേവ് സി.പി ഐ ഫോറത്തിന് കീഴിൽ അണി നിരക്കുമെന്നാണ് നേതാക്കൾ പറയുന്നത്.  സേവ് സി.പി.ഐ ഫോറത്തിന്‍റെ രൂപീകരണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക നേതൃത്വം പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

ENGLISH SUMMARY:

Rebel group Save CPI District Committee formed as alternative to CPI leadership