നടുവുവേദനയ്ക്ക് ചികില്‍സതേടിയാണ് ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ നായര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അസ്ഥിരോഗ വിഭാഗത്തിൽ എത്തിയത്. ആദ്യം ഡോക്ടറെ കണ്ട് വീട്ടില്‍ വന്ന് തിരിച്ചറിയല്‍ രേഖകളുമെടുത്ത് വീണ്ടും മടങ്ങുകയായിരുന്നു രവീന്ദ്രന്‍. വീണ്ടും ആശുപത്രിയിലെത്തിയ രവീന്ദ്രന്‍ നായര്‍ ഒന്നാം നിലയിലേക്ക് പോകാനാണ് ലിഫ്റ്റില്‍ കയറുന്നതും ലിഫ്റ്റ് പൊടുന്നനെ പ്രവര്‍ത്തന രഹിതമാകുന്നതും.

ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായ ഉടനെ അലാം സ്വിച്ചില്‍ രവീന്ദ്രന്‍ നായര്‍ നിരവധി തവണ അമര്‍ത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് മകന്‍ ഹരിശങ്കര്‍ പറയുന്നു. ലിഫ്റ്റിലുണ്ടായിരുന്ന ഫോണില്‍ ബന്ധപ്പെടാന്‍‌ ശ്രമിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല. മൊബൈല്‍ നിലത്തുവീണ് പൊട്ടിയതുകൊണ്ട് പുറത്തു നിന്നാരെയും ബന്ധപ്പെടാനും രവീന്ദ്രന്‍ നായര്‍ക്ക് കഴിഞ്ഞില്ല.

അച്ഛന്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്ന് രാത്രി തന്നെ ഹരിശങ്കര്‍ മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി കൊടുത്തിട്ടുണ്ടായിരുന്നു. പല തരത്തില്‍ അന്വേഷിച്ചിെങ്കിലും ലിഫ്റ്റില്‍ ഉണ്ടായിരിക്കും എന്ന് കരുതിയില്ലെന്നും അദ്ദേഹം പറയുന്നു. ലിഫ്റ്റ് ആരും ശ്രദ്ധിച്ചതുമില്ല. ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരും ലിഫ്റ്റ് ഓപ്പറേറ്റര്‍മാരുണ്ടായിരുന്നു. തറയില്‍ നിന്ന് ഉയര്‍ന്നാണ് ലിഫ്റ്റ് നിന്നിരുന്നത്. എന്നിട്ടുപോലും ആരും നോക്കിയില്ല. അതിന് ശേഷം ഇന്ന് രാവിലെ ആറു മണിക്കാണ് ലിഫ്റ്റ് തുറന്നത്.

ലിഫ്റ്റ് ഓപ്പറേറ്ററോട് ചോദിച്ചപ്പോള്‍ ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് മറുപടി നല്‍കിയതെന്നും ഹരിശങ്കര്‍ പറയുന്നു. അതിന് ശേഷം ഇന്ന് രാവിലെ ആശുപത്രിയില്‍ പോയപ്പോളും ലിഫ്റ്റ് പ്രവര്‍ത്തന രഹിതമാണ് എന്ന നോട്ടിസോ മറ്റ് മുന്നറിയിപ്പുകളോ സ്ഥാപിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

ലിഫ്റ്റിനുള്ളില്‍ വൈദ്യുതി നിലച്ചാല്‍ പോലും ആളുകള്‍ ഭയന്നു പോകുമെന്നിരിക്കെയാണ് രണ്ട് ദിവസത്തോളം രവീന്ദ്രന്‍ നായര്‍ തനിച്ച് ലിഫ്റ്റനുള്ളില്‍ കഴിച്ചുകൂട്ടിയത്. അച്ഛന്‍ ആരോഗ്യ പ്രശ്നങ്ങളില്ലാതെ തിരിച്ചെത്തിയെന്ന് ആശ്വസിക്കുമ്പോളും ഒരു ഗര്‍ഭിണിയോ ഹൃദയത്തിന് പ്രശ്നമുള്ളയാളോ, മറ്റേതെങ്കിലും അസുഖമുളവരോ ആയിരുന്നു അച്ഛന്‍റെ സ്ഥാനത്തെങ്കില്‍ സാഹചര്യം ഇങ്ങനെയായിരിക്കില്ലായിരുന്നുവെന്ന ആശങ്കയും ഹരിശങ്കര്‍ പങ്കുവയ്ക്കുന്നുണ്ട്. സംഭവത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഹരിശങ്കര്‍ വ്യക്തമാക്കി. സി.പി.ഐ തിരുമല ലോക്കല്‍ സെക്രട്ടറിയാണ് ലിഫ്റ്റില്‍ കുടുങ്ങിയ രവീന്ദ്രന്‍.

ENGLISH SUMMARY:

Man tapped inside of Medical college lift for two days.