ആമയിഴഞ്ചാൻ തോട്ടിലെ ദുരന്തം കണ്ണ് തുറപ്പിക്കണമെന്ന് ഹൈക്കോടതി. മാലിന്യം വലിച്ചെറിയുന്ന കാര്യത്തിൽ ജനങ്ങൾ മാറിച്ചിന്തിച്ചേ മതിയാകൂ. മാലിന്യം തള്ളുന്നത് ആളുകളെ കൊല്ലുന്നതിന് തുല്യമാണെന്നും കോടതി ഓർമിപ്പിച്ചു.
കൊച്ചിയിലെ വെള്ളക്കെട്ട് സംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് ആമയിഴഞ്ചാൻ തോട് ദുരന്തം അധികാരികളുടെ കണ്ണ് തുറപ്പിക്കണമെന്ന് ഹൈക്കോടതി പറഞ്ഞത്. ഇത്തരം ദുരന്തം ആവർത്തിക്കപ്പെടരുത്, പ്രത്യേകിച്ച് കൊച്ചിയിലെന്നും കോടതി ഓർമ്മിപ്പിച്ചു. മാലിന്യം നിറഞ്ഞ ആമയിഴഞ്ചാൻ തോട്ടിലിറങ്ങി തിരച്ചിൽ നടത്തിയവർ ധൈര്യശാലികളെന്നും കോടതി പ്രശംസിച്ചു. നടന്ന കാര്യങ്ങൾ ഭാവിയിൽ വഴികാട്ടിയായി മാറണമെന്നു വ്യക്തമാക്കിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മാലിന്യം വലിച്ചെറിയുന്ന കാര്യത്തിൽ ജനങ്ങൾ മാറിച്ചിന്തിച്ചേ മതിയാകൂവെന്നും ഓർമ്മിപ്പിച്ചു. മാലിന്യം തള്ളുന്നത് ആളുകളെ കൊല്ലുന്നതിന് തുല്യമാണ്. കനാലുകളlൽ സുഗമമായ ഒഴുക്ക് ഉറപ്പ് വരുത്തണം. കൊച്ചിയിൽ കനാലുകളിലെ മാലിന്യ ശേഖരണത്തിന് ആളുകളെ ഉപയോഗിക്കുന്നത് സമ്മതിക്കാറില്ലെന്നും ആമയിഴഞ്ചാൻ തോട്ടിലെ ദുരന്തം പരാമർശിച്ച് കോടതി സൂചിപ്പിച്ചു.
കമ്മട്ടിപ്പാടത്ത് ഇത്രയധികം മാലിന്യം എത്തുന്നത് എങ്ങനെയാണെന്ന് ചോദിച്ച കോടതി ജനങ്ങൾ അവരുടെ വീട്ടിൽ നിന്നും കൊണ്ടുവന്ന് ഇടുന്നതാണെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും വ്യക്തമാക്കി. കഴിഞ്ഞദിവസമാണ്, കമ്മട്ടിപ്പാടം, കെഎസ്ആർടിസി ഭാഗങ്ങളിലെ കനാലിൽ വ്യാപകമായി മാലിന്യം കൂടിക്കിടക്കുന്നതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തത്.