വയനാട് കല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മരിച്ച രാജുവിന്റെ മൃതദേഹവുമായി നാട്ടുകാർ നാലു മണിക്കൂർ ദേശീയ പാത ഉപരോധിച്ചു. മന്ത്രി കേളുവിനെ തടഞ്ഞു. കുടുംബത്തിന് നഷ്ടപരിഹാരവും ജോലിയും ഉറപ്പു നല്‍കിയതോടെയാണ് റോഡുപരോധം പിന്‍വലിച്ചത്.  

കർഷകനായ മാറോട് ഊരിലെ രാജുവിനു നേരെ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ്  കാട്ടാന ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. ഇന്ന് രാവിലെ 8 മണിയോടെ നാട്ടുകാരും ജനപ്രതിനിധികളും കല്ലൂരിൽ മൈസൂർ - കോഴിക്കോട് ദേശീയ പാത ഉപരോധിച്ചു തുടങ്ങി . രാജുവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ട പരിഹാരം നൽകുക , കുടുംബാംഗത്തിന് സർക്കാർ ജോലി നൽകുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങൾ. രാജുവിന്റെ വീട്ടിലേക്ക് വന്ന മന്ത്രി കേളുവിനെ പ്രതിഷേധക്കാർ തടഞ്ഞു. 

മന്ത്രി കേളുവിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിൽ ചേർന്ന സർവ്വ കക്ഷി യോഗത്തിൽ രാജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ തീരുമാനിച്ചു. തുക നാളെ തന്നെ കൈമാറും. ഇൻഷുറൻസ് തുകയായി ഒരു ലക്ഷം രൂപയും അനുവദിക്കും. മക്കളുടെ വിദ്യാഭ്യാസ ചെലവും സർക്കാർ ഏറ്റെടുക്കും . മേഖലയിൽ വനം വകുപ്പിന്റെ പരിശോധന വ്യാപിപ്പിക്കുമെന്നും മന്ത്രി നാട്ടുകാർക്ക് ഉറപ്പ് നൽകി. 12.30 യോടെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു. 

ENGLISH SUMMARY:

wild elephant threat; protest against minister