TOPICS COVERED

എറണാകുളം കോതമംഗലം പൂയംകുട്ടിയില്‍ പുഴയില്‍ വീണ കാട്ടാനയുടെ ജഡം കരയ്ക്കെത്തിച്ചു. പുഴമുറിച്ചു കടക്കവേ ഒഴുക്കില്‍പ്പെട്ട് ചരിഞ്ഞതാകാമെന്നാണ് നിഗമനം. ഒഴുകി നീങ്ങിയ ജ‍‍‍ഡം ഭൂതത്താന്‍കെട്ട് അണക്കെട്ടിനു സമീപമാണ് പിടിച്ചുനിര്‍ത്തിയത്. 

രാവിലെ ഒന്‍പതുമണിക്കുശേഷം നാട്ടുകാരാണ് പൂയംകുട്ടി പുഴയിലൂടെ ഒഴുകി വരുന്ന കാട്ടാനയെ ആദ്യമായി കാണുന്നത്. വനംവകുപ്പില്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി തിരച്ചില്‍ തുടങ്ങി. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കവേ, വെള്ളത്തില്‍ വീണാതാകാമെന്നാണ് നിഗമനം. ഉള്‍വനത്തില്‍ കനത്ത മഴയെത്തുടര്‍ന്ന്, മലവെള്ളപ്പച്ചിലുണ്ടായതിനാല്‍ പുഴയില്‍ ഒഴുക്ക് കൂടുതലാണ്. അതുകൊണ്ടാകാം ആനയ്ക്ക് രക്ഷപ്പെടാന്‍ സാധിക്കാതിരുന്നത്. ഒഴുക്കില്‍പ്പെട്ട ആന പാറക്കൂട്ടത്തില്‍ തലയിടിച്ച് ചരിയാനുള്ള സാധ്യതയാണ് വനംവകുപ്പ് പരിശോധിക്കുന്നത്. ഭൂതത്താന്‍കെട്ടിന്‍റെ തുറന്നിട്ട ഷട്ടറുകളിലൂടെ ആന പെരിയാറിലേക്കെത്താമെന്ന ആശങ്ക ഉണ്ടായിരുന്നതിനാല്‍ അണക്കെട്ടിന് മുകളിലായി ആനയെ കരയ്ക്കെത്തിക്കാനുള്ള ശ്രമമാണ് നടത്തിയത്. ഇതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ ഈ മേഖലയില്‍ വിന്യസിച്ചിരുന്നു. ഉച്ചയോടെ വടം കെട്ടിയാണ് ജഡം കരയ്ക്കെത്തിച്ചത്. പുഴയിലെ ഒഴുക്കും ജലനിരപ്പും രക്ഷാദൗത്യം സങ്കീര്‍ണമാക്കി. ക്രെയിനില്‍ കെട്ടിവലിച്ച് ജഡം പോസ്റ്റുമോര്‍ട്ടത്തിനെത്തിച്ചു. കുട്ടമ്പുഴയില്‍വെച്ച് ആനയെ പിടികൂടാത്തതില്‍ നാട്ടുകാര്‍ വനംവകുപ്പിനെ പ്രതിഷേധം അറിയിച്ചിരുന്നു.

Ernakulam body of wild elephant was found: