oommen-chandy-02

മലയാളിയുടെ ജീവിത്തിൽ കാരുണ്യസ്പർശത്തിന്റെയും ദീപ്തമായ പൊതുപ്രവർത്തനത്തിന്റെയും കൈയൊപ്പ് ചാർത്തിയ ഉമ്മൻചാണ്ടി ഓർയായിട്ട് ഇന്ന് ഒരു വർഷം. ജീവിച്ചിരിക്കെ സ്വന്തം പേരിൽ ഒരുപാട് റെ‌ക്കോര്‍ഡുകൾ എഴുതിച്ചേർത്ത മുൻ മുഖ്യമന്ത്രി, മരണശേഷവും മലയാളിയുടെ മനസിൽ നിറഞ്ഞുനിന്ന് വിജയയാത്ര തുടർന്ന വർഷമാണ് കടന്നുപോയത്.

 

ഇല്ല, ഇല്ല മരിക്കുന്നില്ല, ഉമ്മൻചാണ്ടി മരിക്കുന്നില്ല. ഹൃദയത്തിൽ കണ്ണീർപ്പൊഴിച്ച് ഉയർന്ന ഈ മുദ്രാവാക്യം കേട്ടത് ഒരുവർഷം മുൻപാണ്. അതുവരെ കേട്ട എല്ലാ ആരോപണങ്ങൾക്കും ആ കണ്ണീർയാത്ര മറുപടി നൽകി. മരണശേഷവും മലയാളി ഇങ്ങനെ ചർച്ച ചെയ്ത വിജയം ചാർത്തിക്കൊടുത്ത ഒരു നേതാവ് വേറെയില്ല. വിടവാങ്ങലിന്റെ നാൽപ്പത് തികയും മുൻപായിരുന്നു പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്. ഉമ്മൻചാണ്ടിക്ക് പകരക്കാരനായി ചാണ്ടിഉമ്മനെ പുതുപ്പള്ളിക്കാർ നെഞ്ചേറ്റിയത് മുൻഗാമിയെക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ. മരണാനന്തരമുള്ള ആദ്യ വിജയം. 

സോളർ പീഡനക്കേസ് ഗൂഢാലോചനയായിരുന്നുവെന്ന് രാജ്യത്തെ മുന്തിയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ കൊടും അനീതിയുടെ തെളിവ് വെളിച്ചത്തുകൊണ്ടുവന്നു. മരണാനന്തരം രണ്ടാം വിജയം. 

ആറുപതിറ്റാണ്ടിനിടയിൽ ഉമ്മൻചാണ്ടി ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പിന് കേരളം സാക്ഷിയായി. ഉമ്മൻചാണ്ടിയുടെ ഓർമകൾ ഉയർത്തിയുള്ള കോൺഗ്രസിന്റെ അത്യുജ്ജ്വല വിജയത്തിന്റെ ക്രെഡിറ്റ് ആ കൈകളിൽ എത്തിയ മൂന്നാമത്തെ വിജയം. 

കേരളത്തിന്റെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നിന്റെ പിതൃത്വം ഏറ്റെടുക്കാനുള്ള സർക്കാർ ശ്രമങ്ങൾക്കിടയിലും നിറഞ്ഞുനിന്ന ഉമ്മൻചാണ്ടി ഓർമകൾ അടിവരയിട്ടു, മരണശേഷവും എഴുതിതള്ളാനാവാത്ത നേതാവ് എന്ന്. ഇതൊക്കെയാണെങ്കിലും മലയാളിക്ക് ലളിതാണ് ഉമ്മൻചാണ്ടി. കാരുണ്യം കൊണ്ട് ചേർത്തുപിടിച്ച്  സ്നേഹം കൊണ്ട് ഹൃദയം കീഴടക്കിയ ജനനായകൻ. 

ENGLISH SUMMARY:

First death anniversary of Oommen Chandy observed on July 18