തിരുവനന്തപുരത്ത് കോളറ വ്യാപനമുണ്ടായ ഹോസ്റ്റലിനു പുറത്ത് ഒരാള്‍ക്കു കൂടി കോളറ സ്ഥിരീകരിച്ചു. കോളറ രോഗികളെ പരിചരിച്ച മെഡിക്കല്‍ കോളജിലെ നഴ്സിന്റെ ഭര്‍ത്താവിനാണ് രോഗബാധ. രോഗവ്യാപനം സംശയിക്കുമ്പോഴും രണ്ടു ദിവസം മുമ്പ് സ്ഥിരീകരിച്ച രോഗബാധ പൂഴ്ത്തി വച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. അതേസമയം, നെയ്യാറ്റിന്‍കരയിലെ സ്ഥാപനത്തിലെ രോഗബാധയുടെ ഉറവിടം വാട്ടര്‍ ടാങ്കാണെന്ന് കണ്ടെത്തി.
കോളറ വ്യാപനമുണ്ടായ നെയ്യാറ്റിന്‍കരയിലെ ശ്രീകാരുണ്യ ഹോസ്റ്റലുമായി നേരിട്ട് ബന്ധമില്ലാത്ത 32 കാരനാണ് ബുധനാഴ്ച കോളറ സ്ഥിരീകരിച്ചത്. കോളറ രോഗികളെ മെഡിക്കല്‍ കോളജില്‍ ചികില്‍സയ്ക്കെത്തിച്ച ദിവസങ്ങളില്‍ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന്റെ ഭര്‍ത്താവിനാണ് രോഗബാധ. മറ്റൊരു ജില്ലയില്‍ ജോലി ചെയ്യുന്ന യുവാവ് രോഗബാധിതരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച 8 മുതല്‍11 വരെ തീയതികളില്‍ തിരുവനന്തപുരത്തെ വീട്ടിലുണ്ടായിരുന്നു. ജോലിസ്ഥലത്തേയ്ക്ക് മടങ്ങിയെങ്കിലും രോഗലക്ഷണങ്ങള്‍ കലശലായതോടെ തിരുവനന്തപുരത്ത് എത്തി നടത്തിയ പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്.
നഴ്സിന്റേയും കുടുംബാംഗങ്ങളുടേയും സാംപിളുകള്‍ പരിശോധനയ്ക്കയച്ചു. രോഗം പകര്‍ന്നത് മെഡിക്കല്‍ കോളജില്‍ നിന്നാണെങ്കില്‍ രോഗപകര്‍ച്ച ഒഴിവാക്കുന്നതിലടക്കം ഗുരുതര വീഴ്ച സംഭവിച്ചെന്നു വേണം അനുമാനിക്കാന്‍. രോഗവ്യാപനമുണ്ടായ നെയ്യാറ്റിന്‍കരയിലെ സ്ഥാപനത്തില്‍ ഇതുവരെ 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 17 പേര്‍ക്ക് രോഗബാധ സംശയിക്കുന്നു. വെളള ടാങ്കില്‍ നിന്ന് എടുത്ത 4 സാംപിളുകളില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. പക്ഷേ അതിവേഗം പകരുന്ന കോളറ അണുക്കള്‍ ടാങ്കില്‍ കലര്‍ന്നതെങ്ങനെ എന്നതിന് രോഗബാധ കണ്ടെത്തി പത്ത് ദിവസം പിന്നിടുമ്പോഴും ഉത്തരമില്ല.
പകര്‍ച്ചവ്യാധി വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അത് പൊതുജനങ്ങളെ അറിയിക്കുകയും കൃത്യമായി ബോധവത്കരണം നടത്തുകയും വേണമെന്നാണ് പകര്‍ച്ചവ്യാധി പ്രതിരോധ നിയമം. എന്നാല്‍ ഹോസ്റ്റലിലെ രോഗവ്യാപനവും പുതിയ കേസും മൂടിവയ്ക്കുകയാണ് ആരോഗ്യവകുപ്പ്.