ksrtc-theft

TOPICS COVERED

വീട്ടിലേക്ക് പോകാന്‍ െകഎസ്ആര്‍ടിസി ബസ് മോഷ്ടിച്ച യുവാവിനെ കൊല്ലത്ത് പൊലീസ് പിടികൂടി. പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കഴിഞ്ഞ രാത്രിയിലാണ് മോഷണം നടന്നത്. സംഭവത്തില്‍ 23 കാരന്‍ പിടിയിലായി.

പിടിയിലായ ഉറുകുന്ന് ഒറ്റക്കൽ ആര്യ ഭവനിൽ  ബിനീഷ് കുമാര്‍ ലോറി ഡ്രൈവറാണ്. കഴിഞ്ഞദിവസം രാത്രി പതിനൊന്നരയോടെ പുനലൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ വീട്ടിലേക്ക് പോകാന്‍ ബസില്ലെന്ന് മനസിലായി. തുടര്‍ന്നാണ് നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ബസ് ഒാടിച്ചുപോകാന്‍ തീരുമാനിച്ചത്. ഡിപ്പോയ്ക്ക് സമീപം പത്തനാപുരം റോഡിൽ നിര്‍ത്തിയിട്ടിരുന്ന ബസുമായി തെന്മല റോ‍ഡിലേക്ക് പോയി. 

ഏകദേശം ഒരു കിലോമീറ്റർ പിന്നിട്ടപ്പോഴാണ് പിടിവീണത്. രാത്രിയിൽ ഹെഡ് ലൈറ്റ് ഇടാതെ വേഗത്തില്‍ പോകുന്ന ബസ് റോഡില്‍ പരിശോധനയ്ക്ക് നിന്ന പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ബസ് ദൂരെ മാറ്റി നിർത്തിയ ബിനീഷ്കുമാര്‍ ബസില്‍ നിന്നിറങ്ങി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു. മദ്യപിച്ചിരുന്ന ബിനീഷ് നടന്ന സംഭവം പൊലീസിനോട് പറഞ്ഞു. തന്റെ വീട്ടിലേക്ക് പോകാനാണ് ബസ് മോഷ്ടിച്ചതെന്നും പ്രതി സമ്മതിച്ചു. 

 

പുനലൂർ ഡിപ്പോയിൽ നിന്ന് കോക്കാടു വഴി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എല്ലാ ദിവസവും സര്‍വീസ് നടത്തുന്ന ബസാണ് ബിനീഷ് മോഷ്ടിച്ചത്. പ്രതി മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.  പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

ENGLISH SUMMARY:

Drunken Man Stole KSRTC Bus From Punalur Depot