fever

TOPICS COVERED

എറണാകുളം ജില്ലയില്‍ പനി ബാധിതരുടെ എണ്ണം ജൂണ്‍ മാസത്തേക്കാള്‍ ഇരട്ടി. കഴിഞ്ഞ പത്തുദിവസത്തിനിടെ 10,104 പേര്‍ക്ക് പകര്‍ച്ചാ പനിയും  ഡെങ്കിപ്പനിയും എലിപ്പനിയും സ്ഥിരീകരിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടമായി പനി ബാധിച്ചതോടെ ജില്ലയിലെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പാളുന്നു.

 

ഈ മാസം ആദ്യംമുതല്‍ മിനിഞ്ഞാന്നുവരെ ജില്ലയില്‍ പനി ബാധിച്ചവരുടെ എണ്ണം പതിനയ്യായിരം കടന്നു. കൃത്യമായി പറഞ്ഞാല്‍ 15,717 പേര്‍. അതില്‍ എലിപ്പനിയും ഡെങ്കിപ്പനിയും സ്ഥിരീകരിച്ചത് 644 പേര്‍ക്ക്. പത്തുദിവസത്തിനിടെ പനി ബാധിതരുടെ എണ്ണം ആയിരം കടന്നത് അഞ്ച് തവണ. പതിനഞ്ചാം തീയതി മാത്രം 1227 പേര്‍ക്കാണ് പനി ബാധിച്ചത്. മഴ ശക്തിപ്പെട്ടതോടെയാണ് പനി ബാധിതരുടെ എണ്ണം കഴിഞ്ഞമാസത്തേക്കാള്‍ ഇരട്ടിയായത്. ജൂണില്‍ ദിനംപ്രതി പനി ബാധിക്കുന്നവരുടെ എണ്ണം അഞ്ഞൂറിനോടടുത്തായിരുന്നു. ഈ മാസം ആദ്യം അത് എണ്ണൂറിലെത്തി. പിന്നെ കുറഞ്ഞിട്ടില്ല. ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നവരുടെ എണ്ണവും ഇരട്ടിയായി. ആറാം തീയതി 86 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ആരോഗ്യപ്രവര്‍ത്തകരിലും ആശാ പ്രവര്‍ത്തകരിലും പനി പടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വീടുകളില്‍ എത്തി കിടപ്പുരോഗികളെ അടക്കം ശുശ്രൂഷിക്കേണ്ടിവരുന്ന ആശാ പ്രവര്‍ത്തകരിലെ പനി ആശങ്കാജനകമാണ്. ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലാണ് രോഗികള്‍ കൂടുതല്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നഗരങ്ങളില്‍ ഫലപ്രദമായി നടക്കാത്തതാണ് കാരണമെന്ന് കേരളാ ഹെല്‍ത്ത് ഇന്‍സ്പെക്ടേഴ്സ് യൂണിയന്‍ ആരോപിച്ചു.

കളമശേരി, തൃക്കാക്കര, ആലുവ, വരാപ്പുഴ, തൃപ്പൂണിത്തുറ ഭാഗങ്ങളിലാണ് ഡെങ്കിപ്പനി ബാധിതര്‍ കൂടുതല്‍. പനി വന്നാല്‍ ആശുപത്രിയില്‍ പോകാതെ സ്വയം ചികില്‍സിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പ് പറയുന്നു. അവരുടെ എണ്ണം കൂടി കൂട്ടിയാല്‍ പനി ബാധിച്ചവരുടെ കണക്ക് ഇനിയും ഉയരും. അതിഥി തൊളിലാളികളുടെ ക്യാംപുകള്‍ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. 

Fever cases rise in Ernakulam district: