TOPICS COVERED

കോഴിക്കോട്  വടകര മേമുണ്ട ഹയർസെക്കന്‍ഡറി സ്കൂളിലെ കൂടുതല്‍ കുട്ടികള്‍ക്ക് മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ കണ്ടെത്തി. സമീപത്തെ കടയില്‍ നിന്ന് സിപ്പപ്  വാങ്ങിക്കഴിച്ചവര്‍ക്കാണ് രോഗബാധയെന്നാണ് പ്രാഥമിക നിഗമനം. 23 കുട്ടികള്‍ക്ക് ഇന്നലെ  രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ കോഴിക്കോട് എളേറ്റില്‍ വട്ടോളിയില്‍ പനി ബാധിച്ച് 10 വയസുകാരി മരിച്ചു. 

രോഗലക്ഷണം കണ്ട പത്ത് കുട്ടികളാണ് ആശുപത്രിയില്‍ ചികില്‍സ തേടിയിരിക്കുന്നത്. 23 കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധന പ്രവർത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. ഇതിന്റ ഭാഗമായി നടത്തിയ പരിശോധനയിലാണ് കൂടുതല്‍ കുട്ടികള്‍ക്ക് ലക്ഷണങ്ങള്‍ കണ്ടത്. സ്കൂളിന്റ സമീപത്തെ കടയില്‍ നിന്ന് സിപ് അപ് വാങ്ങി കഴിച്ചതില്‍ നിന്നാണ് രോഗബാധയെന്നാണ് വിലയിരുത്തല്‍. 

വില്ല്യാപ്പള്ളി, ആയഞ്ചേരി, തിരുവള്ളൂർ, മണിയൂർ വേളം, വടകര എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാർഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്കൂളിന് സമീപം മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.  പ്രദേശത്തെ കടകളില്‍ സിപ്പപ് വില്‍ക്കുന്നത് കർശനമായി നിരോധിച്ചു. ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത മൂന്ന് കടകള്‍ ഇന്നലെ അടപ്പിച്ചിരുന്നു. കോഴിക്കോട് എളേറ്റില്‍ വട്ടോളി പുതിയോട് ഷെരീഫിന്റ മകള്‍ ഫാത്തിമ ബത്തൂല്‍ ആണ് പനി ബാധിച്ച് മരിച്ചത്. ഇന്നലെയാണ്  പനി ലക്ഷണത്തെത്തുടര്‍ന്ന് ഫാത്തിമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏളേറ്റില്‍ ജി.എം യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ഫാത്തിമ.

ENGLISH SUMMARY:

The initial conclusion is that those who bought Zippup from a nearby shop are infected